ഗാന്ധിജിയുടെ വ്യാജനായി അനുപം ഖേര്‍ അഞ്ഞൂറിന്റെ നോട്ടില്‍; ഇവിടെ എന്തും നടക്കുമെന്ന് നടന്‍
മഹാത്മ ഗാന്ധിയുടെ ജന്മനാട്ടില്‍ നിന്ന് വ്യത്യസ്തമായ ഒരു കള്ളനോട്ട് . കറന്‍സി നോട്ടില്‍ ഗാന്ധിജിക്ക് പകരം ഹിന്ദി നടന്‍ അനുപം ഖേറിന്റെ പടം വെച്ചുള്ള കള്ള നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. ഈ നാട്ടില്‍ എന്തും സംഭവിക്കാമെന്ന കുറിപ്പോടെ കള്ളനോട്ടുകളുടെ വീഡിയോ അനുപം ഖേര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഗാന്ധിജിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് അനുപം ഖേറിന്റെ പടം വെച്ച് തയ്യാറാക്കിയ കള്ള നോട്ടുകളാണ് അഹമ്മദബാദ് പോലീസ് പിടികൂടിയത്. ഏതാണ്ട് ഒന്നരക്കോടിയുടെ നോട്ടുകള്‍ കണ്ടെടുത്തു. Reserve Bank of India എന്നതിന് പകരം Resole Bank of lndia എന്നാണ് 500 രൂപ കള്ള നോട്ടില്‍ അടിച്ചിരിക്കുന്നത്.
സ്വര്‍ണ വ്യാപാരിയായ മെഹുല്‍ ടാക്കര്‍ എന്ന വ്യക്തിയെയാണ് 1.6 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കി കബളിപ്പിച്ചത്. 2100 ഗ്രാം സ്വര്‍ണം വാങ്ങാനെത്തിയ ആള്‍ ഒരു കോടി 30 ലക്ഷം രൂപ പണമായി നല്‍കി. ബാക്കി അതേ ദിവസം തന്നെ നല്‍കുമെന്ന വ്യവസ്ഥയില്‍ സ്വര്‍ണവുമായി മുങ്ങി. മെഹുല്‍ ടാക്കറിന്റെ പരിചയക്കാരനായ പ്രശാന്ത് പട്ടേല്‍ എന്ന ജൂവലറി മാനേജര്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകാര്‍ സ്വര്‍ണം വാങ്ങാനെത്തിയത്. ബാക്കി ലഭിക്കാനുള്ള 30 ലക്ഷം കിട്ടാന്‍ വൈകിയപ്പോഴാണ് തട്ടിപ്പുകാര്‍ നല്‍കിയ നോട്ടുകള്‍ പരിശോധിച്ചത്. മുഴുവന്‍ നോട്ടുകളും വ്യാജ നോട്ടുകളായിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് പോലീസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here