മലയാള സിനിമയെ വിടാതെ വ്യാജന്മാർ; മഞ്ഞുമ്മൽ ബോയ്സിന്റെ വ്യാജപതിപ്പും റിലീസ് ദിവസം പുറത്ത്

തിരുവനന്തപുരം: പൈറസി സൈറ്റുകൾ സജീവമാകുന്നത് മലയാള സിനിമയ്ക്ക് തുടർച്ചയായി വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രേമലു, ബ്രഹ്മയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയ്ക്ക് പിന്നാലെ ഇന്ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെയും വ്യാജൻ പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ പതിവ് സൈറ്റുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒറ്റ ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒന്നര കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. ഇത്രയും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇറങ്ങി മണിക്കൂറുകൾക്കകമാണ് വ്യാജൻ എത്തിയത്.

സൂപ്പർതാരങ്ങൾ ഇല്ലാതെ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ തുടങ്ങി വലിയ താരനിര തന്നെയുണ്ട് സിനിമയില്‍. സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തെയാകെ മുൾമുനയിൽ നിർത്തിയ പൈറസി സൈറ്റ് തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ എട്ടാം തീയതി തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളുടെയും വ്യാജൻ പുറത്തുവരുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജനും എത്തുന്നത് എന്നതാണ് കടുത്ത വെല്ലുവിളി.

2011 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലാണ് തമിഴ് റോക്കേഴ്സ് സജീവമായിരുന്നത്. ആദ്യകാലങ്ങളിൽ തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകളാണ് ഇവർ പുറത്തിറക്കിയിരുന്നത്. പിന്നീട് മറ്റ് ഭാഷാ ചിത്രങ്ങളുടെ വ്യാജപതിപ്പുകളുമായി എല്ലാ നാട്ടിലെയും സിനിമാ ആരാധകർക്കിടയിലേക്ക് കടന്നുകയറി. 2018ൽ വ്യാജസിനിമാ കേസിൽ തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് താൽക്കാലികമായെങ്കിലും എല്ലാം പൂട്ടിക്കെട്ടിയ അവസ്ഥയിലായി. സംഘത്തിലെ പ്രധാനികളായിരുന്നു പിടിയിലായവർ. എന്നാൽ കോവിഡിന് ശേഷം വീണ്ടും ചെറിയതോതില്‍ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവരോ സംഘത്തിലെ മറ്റുള്ളവരോ ആകാം ഇതിന് പിന്നിലെന്നാണ് സൂചന. പേര് മാറ്റി തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നിങ്ങനെ പല പേരുകളിൽ വെബ്സൈറ്റുകൾ ഇപ്പോൾ തന്നെ പ്രചാരത്തിലുണ്ട്.ഇവയിലാണ് ജയിലർ, ജവാൻ എന്നീ സിനികളുടെ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. ഇവക്ക് പിന്നിൽ തമിഴ് റോക്കേഴ്സ് തന്നെയായിരുന്നു എന്നാണ് നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top