80 ലക്ഷം വെള്ളത്തിലായി; രണ്ട് മാസം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു; ഒഴിവായത് വന്‍ ദുരന്തം

തൃശ്ശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ശക്തമായ വേലിയേറ്റത്തിൽ പുതുതായി നിര്‍മ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. അവധി ദിവസമായതിനാൽ ആറ് സന്ദർശകരും ജിവനക്കാരും മാത്രമാണ് പാലത്തിൽ ഉണ്ടായിരുന്നത്. അതിനാൽ വൻ അപകടം ഒഴിവായി. പാലത്തിൽ ഉണ്ടായിരുന്നവരെ പരുക്കേൽക്കാതെ രക്ഷപെടുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി ടൂറിസംവകുപ്പിനു കീഴിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡിഎംസി) നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

ബീച്ച് ബ്രദേഴ്സ് ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്പനിക്കാണ് ബ്രിഡ്ജിൻ്റെ നടത്തിപ്പ് ചുമതല. വേലിയേറ്റത്തിൽ തകർന്ന് ഒരു ഭാഗം കടലിലും മറ്റൊരു ഭാഗം കരയിലുമായി കിടക്കുന്നതിനിടയിൽ ഇവർ ബ്രിഡ്ജിൻ്റെ ഭാഗങ്ങൾ അഴിച്ച് കരയിലേക്ക് കയറ്റി. കമ്പിയും ട്രാക്ടറും ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് പാലത്തിന്റെ കഷണങ്ങൾ കരക്കുകയറ്റിയത്. വേലിയേറ്റത്തിന് വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിഡ്ജ് പൂർണമായും കരക്ക് കയറ്റിയതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം . കടൽ ശാന്തമാകുന്നതുവരെ ഇനി ബ്രിഡ്ജിന്റെ പ്രവർത്തനമുണ്ടാകില്ലെന്നും ബിബിസി അറിയിച്ചു.

തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സ്വകാര്യ സംരംഭകത്വത്തോടെ ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയത്. ഒരേസമയം നൂറ് പേർക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ബ്രിഡ്ജിൻ്റെ നിർമ്മാണം. 80 ലക്ഷം രൂപയാണ് ബ്രിഡ്ജ് നിർമ്മിക്കാൻ സ്വകാര്യ കമ്പനി ചിലവഴിച്ചിരിക്കുന്നത്. ബ്രിഡ്ജിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 120 രൂപയാണ് ഫീസ്‌.

അതേസമയം, ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം ആരംഭിച്ചതുമുതൽ സന്ദര്‍ശകരുടെ സുരക്ഷ ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടർന്ന് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ചാവക്കാട് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. സന്ദർശകരുടെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ സംഘത്തെ നിയോഗിക്കണമെന്നും അവർ കൃത്യമായ ഇടവേളകളിൽ അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടർ ഉത്തരവിൽ നിർദേശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top