പോക്‌സോയിലെ ആദ്യകേസ് വ്യാജം; 12 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ വിധി; ഗൂഢാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവ്
ആലപ്പുഴ: പോലീസിനെ സ്വാധീനിച്ച് വിമുക്ത ഭടനെതിരെ വ്യാജ പോക്‌സോ കേസെടുപ്പിച്ച സംഭവത്തില്‍ കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് തുടര്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. 2012ല്‍ പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുടുക്കാനായി കെട്ടിച്ചമച്ചതാണ് കേസെന്നാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി -1 കണ്ടെത്തല്‍. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ജഡ്ജി ആഷ് കെ.ബാല്‍ നിര്‍ദേശിച്ചിരിക്കുന്നത്. കറ്റാനം ഷാജിയെ കൂടാതെ വൈദികനും തിരുവനന്തപുരത്തെ ചില്‍ഡ്രല്‍ ഹോം ഡയറക്ടറുമായ ഫാദര്‍ ജെയിംസ്, അഭിഭാഷകനായ ജി.മധു തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് ധീരതയ്ക്കുളള രാഷ്ട്രപതിയുടെ സേനാമെഡല്‍ വാങ്ങിയ മാവേലിക്കര നൂറനാട് നടുവിലെമുറിയില്‍ വി.ഷാജിയെയാണ് വ്യാജ പോക്‌സോ കേസില്‍ പ്രതിയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2013 ഫെബ്രുവരിയില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ക്കെതിരെ പൂജപ്പുര പോലീസിനെ കൊണ്ട് കേസെടുപ്പിക്കുകയായിരുന്നു. പിന്നീട് കേസന്വേഷണം നൂറനാട് പോലീസിന് കൈമാറി. 55 ദിവസം ഷാജി ജയിലിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തു വന്ന ശേഷം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് പരാതി വ്യാജമെന്ന് കണ്ടെത്തുന്നത്. കേസിലെ സത്യം തെളിയിക്കാന്‍ ഷാജി സ്വയം നുണ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു. വ്യാജ പോക്‌സോ ബലാത്സംഗ കേസാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
തന്നെ വ്യാജ പോക്‌സോ കേസില്‍ കുരുക്കിയ 15 പേര്‍ക്കെതിരെ ഷാജി ഗൂഡാലോചനയ്ക്കും പോക്‌സോ നിയമം ദുരുപയോഗം ചെയ്തതിനും ക്രിമിനല്‍ മിസലേനിയസ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിനെ കോടതി ചുമതലപ്പെടുത്തി. കേസിന്റെ ഗൂഡാലോചന സംബന്ധിച്ച് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നായിരുന്നു ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ഷാജി മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും, ക്രൈംബ്രാഞ്ച് എഡിജിപിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് -2 എസ്പി എം.എസ്.നടരാജന്‍ നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ നല്‍കിയ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണൈന്നും ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും അന്വേഷണം നടത്തിയില്ലെന്നുമായിരുന്നു കണ്ടെത്തല്‍. ഈ കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഷാജി കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് നേതാവ് കറ്റാനം ഷാജിയുടെ സുഹൃത്തായ ജോര്‍ജ് തോമസിനെതിരെ നൂറനാട് പോലീസ് നല്‍കിയ പരാതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് വ്യാജ പോക്‌സോ കേസിലേക്ക് എത്തിച്ചതെന്ന് വി.ഷാജി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജോര്‍ജ് തോമസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്ന് ട്രസ്റ്റുകള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി നല്‍കിയത്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനൊന്നും വഴങ്ങാതെ വന്നതോടെയാണ് പോക്‌സോ കേസെടുപ്പിച്ചത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ സ്വാധീനമുപയോഗിച്ചാണ് കേസെടുപ്പിച്ചതെന്നും ഷാജി ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here