വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകി പെൺകുട്ടി; വിദേശ പഠനം നിഷേധിച്ചു, വധഭീഷണിയുണ്ടെന്നും പരാതി
തിരുവനന്തപുരം: വിദേശ പഠനത്തിന് താൽപര്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ പൂട്ടിയിട്ട് ഉപദ്രവിച്ചു. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ മാതാപിതാക്കളും സഹോദരൻമാരും അടക്കം നാലുപേർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. ഗുരുതര കുറ്റങ്ങൾ ആണ് കേസിലുള്ളത്.
തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് പഠനം തുടരുന്നത് വീട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി പഠനത്തിന് വിദേശത്തേക്കും പോകാന്‍ ഒരുങ്ങിയത്. തിരുവനന്തപുരത്തെ ഹോസ്റ്റലില്‍ നിന്നും വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതിനെ തുടർന്നാണ് മ്യൂസിയം പോലീസില്‍ പരാതി നൽകിയത്. പിതാവ് സിറാജുദീൻ, സഹോദരങ്ങളായ മുഹമ്മദ് അനസ്, നൗഫൽ എസ്.എം. എന്നിവർക്കെതിരെയാണ് പരാതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ജൂലൈയിൽ പാസ്പോർട് എടുക്കാൻ വീട്ടിൽ എത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് സുഹൃത്തു വഴി കൊല്ലം വനിതാ സെല്ലിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു. ഇതോടെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കണമെന്ന് പോലീസ് വീട്ടുകാർക്ക് താക്കീത് നൽകി. തുടർന്ന് വീട്ടിൽ നിന്ന് തിരികെ പോകാൻ അനുവദിച്ചെങ്കിലും നിരന്തരം ഫോണിലൂടെ ഭീഷണി തുടരുകയും ഹോസ്റ്റൽ വാർഡനെ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ ഹോസ്റ്റൽ മാറാൻ തുടങ്ങുമ്പോൾ അമ്മയും അച്ഛനും സഹോദരങ്ങളും ബലമായി പിടിച്ചുകെട്ടി വീട്ടിലേക്ക് കൊണ്ടുപോയി. തടയാൻ ശ്രമിച്ചപ്പോൾ സഹോദരങ്ങളായ അനസും നൗഫലും ക്രൂരമായി മർദിക്കുകയും വസ്ത്രം വലിച്ചു പൊക്കാന്‍ ശ്രമിക്കുകയും ചെയ്തു. അനസ് സ്വകാര്യ ഭാഗങ്ങളിൽ നിരവധി തവണ പിടിച്ചു. വായിൽ തുണി തിരുകി ശബ്ദിക്കാൻ കഴിയാത്ത വിധം കാറിൽ കയറ്റി വീട്ടിൽ എത്തിച്ചു. മർദ്ദനത്തിൽ കൈയ്ക്ക് ക്ഷതമേൽക്കുകയും പല്ല് പൊട്ടുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കാണാനില്ലെന്ന് അറിഞ്ഞ സുഹൃത്താണ് കൊട്ടിയം പോലീസിൽ വിവരം അറിയിച്ചത്. എന്നാൽ തണുത്ത പ്രതികരണമാണ് ലഭിച്ചത്. ചാത്തന്നൂര്‍ എസിപി ഇടപെട്ടാണ് നടപടി വേഗത്തിലാക്കിയത്. സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തിനൊപ്പം പോകുന്നതായി കൊട്ടിയം സ്റ്റേഷനിൽ എഴുതി വച്ച ശേഷമാണ് തിരുവനതപുരത്ത് തിരികെ എത്തിയത്. പഠിക്കാനും ജോലി ചെയ്യാനുമുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് തടസം നിൽക്കുകയും മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്തതിന് വീട്ടുകാർക്കെതിരെ നടപടി എടുക്കണം -പരാതിയില്‍ പറയുന്നു.
വിദേശത്ത് പോകാനായി IELTS പഠിക്കാനാണ് തിരുവനന്തപുരത്ത് താമസിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ പാസാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി പിന്നോട്ടില്ല; പെൺകുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here