പ്രളയത്തില്‍ ഒഴുകിയെത്തിയ സാഗര്‍ ഏലിയാസ് ജാക്കി; മകനായി വളര്‍ത്തി, മരിച്ചപ്പോള്‍ സ്‌നേഹവിരുന്ന്

വീട്ടുകാരുടെ ജാക്കിമോന്‍. എല്ലാവരുടേയും പൊന്നോമന. എന്നാല്‍ ഒരു ദിവസം അവന്‍ വിട പറഞ്ഞപ്പോഴുള്ള ശൂന്യത മറികടക്കാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം മനുഷ്യര്‍. പേര് വിളിക്കുമ്പോള്‍ ഓടിയെത്തുന്ന, കുരച്ചും കരഞ്ഞും തന്റെ ആവശ്യങ്ങള്‍ സ്‌നേഹത്തോടെ നേടിയെടുക്കുന്ന, ഭക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്ന പ്രീയപ്പെട്ടവന്റെ ഓര്‍മ്മകള്‍ പങ്കുവക്കാന്‍ അവര്‍ ഒത്തുകൂടുകയാണ്. അല്പസമയം ചിലവഴിക്കാന്‍, അവന്റെ കഥകള്‍ പറയാന്‍, ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയാന്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിഎസ് രഘുവാണ് മകനെ പോല വളര്‍ത്തിയ തന്റെ നായയുടെ ഓര്‍മ്മദിനം സ്‌നേഹവിരുന്ന് വിളമ്പി ആഘോഷിക്കുന്നത്. ഇതിനായി ക്ഷണക്കത്ത് അടിച്ച് എല്ലാവരേയും വിളിക്കുകയാണ്. ഈ സ്‌നേഹബന്ധത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു മൃഗസ്‌നേഹിയുടെ കരുതലിന്റെ കഥ.

2018ല്‍ നൂറ്റാണ്ടിലെ വലിയ പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ രഘുവിന്റെ വീട്ടിലേക്ക് എവിടെ നിന്നോ ഒഴുകിയെത്തിയതാണ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഈ നായ. വെള്ളം ഇറങ്ങിയപ്പോള്‍ വീടിന്റെ ടെറസില്‍ ബോധം നഷ്ടപ്പെട്ട് വായില്‍ നുരയും പതയുമായി കിടന്ന നായയെ കൈവിടാന്‍ രഘു തയ്യാറായില്ല. പകരം ആശുപത്രികള്‍ തോറും കൊണ്ട് നടന്ന് ചികിത്സിച്ചു. ഒപ്പം തന്നെ നായയുടെ ഉടമയ്ക്കായി അന്വേഷണവും നടത്തി. ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നായയെ വീട്ടിലേക്ക് കൊണ്ടുവന്നു. കൃത്യമായ ചികിത്സ ലഭിച്ചതോടെ നായ ഉഷാറായി, വീട്ടുകാരുമായി അടുത്തു. അങ്ങനെ സാഗര്‍ ഏലിയാസ് ജാക്കിയെന്ന പുതിയ പേരും ലഭിച്ചു. എന്നാല്‍ സ്‌നേഹക്കൂടുതല്‍ കൊണ്ട് എല്ലാവരുടേയും ജാക്കിമോനായി വളര്‍ന്നു. ഒഴുകിയെത്തിയ ഓഗസ്റ്റ് 19 പിറന്നാളുമായി.

ഭക്ഷണവും യാത്രയും ഇഷ്ടപ്പെട്ടിരുന്ന ജാക്കിയുമായി രഘു ഒത്തിരി യാത്രകള്‍ നടത്തി. എന്നാല്‍ പ്രായം വില്ലനായതോടെ ജാക്കി അവശനായി തുടങ്ങി. നിരവധി അസുഖങ്ങളും ബാധിച്ചു തുടങ്ങി. ഇതോടൊപ്പം കാഴ്ചയും നഷ്ടമായി. ജീവന്‍ നിലനിര്‍ത്താനുളള പോരാട്ടത്തിലായിരുന്നു ജാക്കി. എല്ലാ ചികിത്സയും ഉറപ്പാക്കി രഘുവും ഡോക്ടര്‍മാരും. വലത് കൈയ്യില്‍ നീര് കണ്ടുതുടങ്ങിയാതാണ് ആദ്യമായി പ്രകടമായ രോഗം. ഇതോടെ ചികിത്സ തുടങ്ങി. എക്‌സ്‌റേ എടുത്തു. ബയോപ്‌സി, സ്‌കാന്‍ തുടങ്ങി എല്ലാ പരിശോധനകളും നടത്തി. ചികിത്സയില്‍ ചെറിയ പുരോഗതി പ്രകടമായി.

ഒരു ദിവസം രാത്രിയില്‍ രോഗം വീണ്ടും മൂര്‍ച്ഛിച്ചു. നോക്കി നില്‍ക്കാന്‍ രഘുവിന് കഴിഞ്ഞില്ല. ജാക്കിയുമായി കാറില്‍ ഡോക്ടറെ തപ്പിയുള്ള യാത്ര രാവിലെ വരെ നീണ്ടു. പിന്‍മാറാന്‍ രഘു തയ്യാറായിരുന്നില്ല. രാവിലെ തുറക്കുന്നതുവരെ കാറില്‍ ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്നു. ഡോക്ടര്‍ എത്തിയതോടെ ചികിത്സ തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കെട്ടി, പഴുപ്പ് എന്നിവ കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തി. അഞ്ച് ദിവസം തുടര്‍ച്ചായായി ആശുപത്രിയില്‍ ചികിത്സ. ഇതിനിടെ ഒരു ഓഗസ്റ്റ് 19 കൂടി കടന്നുവന്നു. ആശുപത്രി കിടക്കയില്‍ ജാക്കിയുടെ പിറന്നാള്‍ ആഘോഷിച്ചു. അവസാനമായി.

ഓഗസ്റ്റ് 24ന് ജാക്കി മരണത്തിന് കീഴടങ്ങി. ഭക്ഷണപ്രിയനായ ജാക്കിയുടെ ഓര്‍മ്മയ്ക്കായാണ് സ്‌നേഹവിരുന്ന് സംഘടപ്പിക്കുന്നതെന്ന് രഘു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജാക്കിയുടെ വിവരങ്ങള്‍ രഘു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനോട് പ്രതികരിച്ചവരേയും നിരന്തരം വിവരങ്ങള്‍ ചോദിച്ച് വിളിച്ചവരേയുമാണ് ഓര്‍മ്മക്കൂട്ടായ്മക്കായി ക്ഷണിച്ചിരിക്കുന്നത്. രഘുവിന്റെ പേരിനൊപ്പം വീട്ടിലെ മറ്റൊരു നായ ബെല്ലയുടെ കൂടി പേരിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് സ്‌നേഹവിരുന്ന്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top