തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് മനാഫ്; യൂട്യൂബ് ചാനലിൽ എന്ത് പോസ്റ്റ് ചെയ്യണമെന്നത് തന്‍റെ ഇഷ്ടമെന്ന് ലോറി ഉടമ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അർജുൻ്റെ കുടുംബം തൻ്റെ കുടുംബം പോലെയാണ്. പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പറഞ്ഞു തീർക്കുമെന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. താൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം ലോറി ഉടമ നിഷേധിച്ചു.

അര്‍ജുന്‍റെ കുടുംബത്തോടൊപ്പം ഇനിയും ഉണ്ടാകും. അര്‍ജുന്‍റെ അമ്മയുമായി താൻ അഭിമുഖം ഒന്നും നടത്തിയിട്ടില്ല. അര്‍ജുന്‍റെ അമ്മ തൻ്റെ അമ്മയാണ്. ഗംഗാവലി പുഴയ്ക്കരികിൽ നിൽക്കുമ്പോൾ ആരൊടെങ്കിലും സംസാരിക്കാനാണ് യു ട്യൂബ് ചാനൽ തുടങ്ങിയത്. അതിൽ എന്ത് പോസ്റ്റ് ചെയ്യണമെന്നത് തൻ്റെ ഇഷ്ടമാണ്. അർജുനെ കണ്ടെത്തുംവരെ ഉപയോഗിക്കാനാണ് ചാനൽ തുടങ്ങിയത്. ഇനിയും ചാനൽ മുന്നോട്ട് കൊണ്ടു പോകുമെന്നും മനാഫ് അറിയിച്ചു.

തന്നെ തള്ളി പറഞ്ഞാലും പ്രശ്നമില്ല. അർജുന്റെ കുടുംബത്തിന് ഇനിയും എന്തെങ്കിലും ആവശ്യം വന്നാൽ ഒപ്പം നിൽക്കും. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും ലോറി ഉടമ പറഞ്ഞു. അർജുൻ്റെ അമ്മയുടെ വൈകാരികത പോലും മനാഫ് ചൂഷണം ചെയ്തെന്ന പരാതിയടക്കമാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ കുടുംബം ഉന്നയിച്ചത്.

ALSO READ: ലോറി ഉടമ മനാഫ് അർജുൻ്റെ പേരിൽ പണം പിരിക്കുന്നു; അമ്മയുടെ വൈകാരികത പോലും ചൂഷണം ചെയ്തതായി കുടുംബം

അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. അർജുന്റെ പേരിൽ കടുംബത്തിൻ്റെ ദാരിദ്ര്യം പറഞ്ഞ് മനാഫ് പണം പിരിച്ച് കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണ്. ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം.

ഇനിയാരും മനാഫിന് പണം നൽകരുത്. അർജുൻ്റെ കുടുംബത്തിന് ആ പണം ആവശ്യമില്ല. ഇത്തരം നടപടി തുടർന്നാൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. കർണാടകത്തിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അർജുനെ കണാതാവുകയായിരുന്നു. 72 ദിവസത്തെ രക്ഷാദൗത്യത്തിന് ഒടുവിൽ ​ഗം​ഗാവലിപ്പുഴയിൽ നിന്നാണ് അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top