‘സമാധി’യായ ഗോപൻ സ്വാമിയുടെ കുടുംബം സംശയ നിഴലിൽ തന്നെ; നിർണായകം രാസപരിശോധന റിപ്പോർട്ട്

നെയ്യാറ്റിൻകര സമാധി വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്‌. കല്ലറ പൊളിച്ചു പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ മുറിവുകളോ ക്ഷതങ്ങളോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും മരണം സ്വാഭാവികമാണെന്ന് കരുതാനും കഴിയില്ല. രാസവസ്തുക്കൾ എന്തെങ്കിലും ഉള്ളിൽ ചെന്നാണോ മരണമുണ്ടായത് എന്നത് അടക്കമുള്ള കാര്യങ്ങൾ അറിയാൻ ആന്തരാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിക്കണം. പോസ്റ്റുമോർട്ടം കൊണ്ട് മാത്രം അതിന് കഴിയില്ല.

എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് മൂന്നു ദിവസം മുതൽ ഒരുവർഷം വരെ എടുക്കാം. തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഴ്സ് ലാബിലാണ് സാധാരണ നിലയിൽ സാംപിളുകൾ അയച്ച് പരിശോധിക്കുക. ഈ കേസിലെ അടിയന്തര സാഹചര്യം പോലീസ് ബോധിപ്പിച്ചാൽ മാത്രമേ സമയബന്ധിതമായി ഫലം കിട്ടാനിടയാകൂ. അതുവരെ ഗോപൻ സ്വാമിയുടെ കുടുംബം സംശയനിഴലിൽ തുടരുമെന്ന് ഉറപ്പ്. വർഷങ്ങൾ പഴക്കമുള്ള കേസുകൾ ഇവിടെ ഊഴംകാത്ത് കെട്ടിക്കിടക്കുന്നുണ്ട്.

ശ്വാസകോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ ആണ് പ്രധാനമായും പരിശോധിക്കേണ്ടത്. അതിന് ശേഷമേ മരണകാരണം സംബന്ധിച്ച് നിഗമനത്തിലെത്താൻ കഴിയൂവെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിലപാട്. അതേസമയം അതുകൊണ്ട് മാത്രവും ദുരൂഹത പൂർണമായും നീങ്ങുമെന്നും കരുതാനാകില്ല. കെമിക്കൽ റിപ്പോർട്ടിൽ സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർന്ന് വിശദമായ പോലീസ് അന്വേഷണം തന്നെ വേണ്ടിവരും.

പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കുന്ന മൃതദേഹം നാളെ മഹാസമാധിയായി സംസ്കരിക്കുമെന്ന് കുടുംബം പറയുന്നു. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. ഗോപൻ സ്വാമി എന്ന മണിയനെ കാണാനില്ലെന്ന് അയൽവാസി പരാതി നൽകിയതോടെയാണ് വിവാദമായത്. പുറത്തറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിലാണ് സംശയം തോന്നിയത്. എന്നാൽ അച്ഛൻ മരിച്ചില്ലെന്നും സമാധിയായതാണ് എന്നാണ് കുടുംബത്തിൻ്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top