ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ ഫിയോക്കിന്റെ സമരത്തിന് മുമ്പേ തിയറ്ററിലെത്തും; റിലീസ് നാളെ
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ നാളെ തിയറ്ററുകളിലേക്ക്. ഫെബ്രുവരി 23ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരം കണക്കിലെടുത്താണ് ഒരു ദിവസം മുമ്പേ പ്രദര്‍ശനത്തിനെത്താന്‍ തീരുമാനിച്ചത്. വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ വെള്ളിയാഴ്ച (ഫെബ്രുവരി 23) മുതല്‍ തിയറ്ററുകളില്‍ മലയാള സിനിമകളുടെ റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (FEUOK) യുടെ തീരുമാനമാണ് ചിത്രത്തിന്റെ റിലീസ് വേഗത്തിലാക്കിയത്.
സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും അഭിനയിച്ച ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സിനൊപ്പമാണ് ഫാമിലിയും തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെതും, നസ്ലെന്‍ നായകനായ പ്രേമലു തുടങ്ങിയ ചിത്രങ്ങള്‍ വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരവെയാണ് ഫാമിലിയും മഞ്ഞുമ്മല്‍ ബോയ്‌സും എത്തുന്നത്.
ശവം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956 മദ്ധ്യതിരുവിതാംകൂര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിന്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’. ഡോണ്‍ പാലത്തറയും, ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീര്‍ണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കിയാണ് കഥ പറയുന്നത്. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here