കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സ്വന്തം ‘അമ്മ’
മലയാളത്തിന്റെ പ്രമുഖ അഭിനേത്രി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. അരനൂറ്റാണ്ടുകാലം സിനിമയില്‍ വിവിധ റോളുകളില്‍ തിളങ്ങി. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
പതിനാലാം വയസിലാണ് നാടകത്തിലേക്ക് വന്നത്. പിന്നീട് സിനിമയിലും എത്തി. വളരെ ചെറുപ്രായത്തില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ശ്രദ്ധ പിടിച്ചുപറ്റി. സിനിമയില്‍ അവസാനം വരെ സജീവമായിരുന്നു. മലയാളത്തിന്റെ സ്വന്തം അമ്മ നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ സിനിമകള്‍ പലതും ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ സിനിമകളിലെ അമ്മ വേഷം എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികള്‍ക്ക് മറക്കാനാകില്ല. മമ്മൂട്ടിക്കൊപ്പവും അമ്മ വേഷങ്ങളില്‍ തിളങ്ങി. തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍ മാഷിന്റെ അമ്മയായി എത്തിയതും കവിയൂര്‍ പൊന്നമ്മയായിരുന്നു.
ക്രോസ് ബെൽറ്റ്, വെളുത്ത കത്രീന,, ഓപ്പോൾ, അസുരവിത്ത്, തീർഥയാത്ര, നിർമാല്യം, കൊടിയേറ്റം , അവളുടെ രാവുകൾ,നെല്ല്, കരകാണാക്കടൽ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ,കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ചെങ്കോൽ, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
നിര്‍മാതാവായ മണിസ്വാമിയാണ് ഭര്‍ത്താവ്. 2011ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here