പ്രശസ്ത ഫുട്ബാള്‍ പരിശീലകന്‍ ടി.കെ.ചാത്തുണ്ണി വിടവാങ്ങി; അന്ത്യം കൊച്ചിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ; വിട പറഞ്ഞത് സമാനതകളില്ലാത്ത പരിശീലകന്‍
തൃശ്ശൂര്‍: പ്രമുഖ ഫുട്ബാള്‍ താരവും പരിശീലകനുമായ ടി.കെ.ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.
ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണി പരിശീപ്പിച്ച താരങ്ങളില്‍ ഉള്‍പ്പെടുന്നു. ഓര്‍ക്കേ മില്‍സ് ബോംബെ, വാസ്‌കോ ഗോവ, ഇ.എം.ഇ. സെക്കന്ദരാബാദ്, തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.
പരിശീലക ജീവിതവും വേറിട്ടതായിരുന്നു. സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, എഫ്സി കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്സി., വിവ ചെന്നൈ ഉള്‍പ്പെടെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്. ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here