ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു; വിട പറയുന്നത് ഗസലുകളുടെ ചക്രവര്‍ത്തി; സമ്മാനിച്ചത് ‘ചിട്ടി ആയി ഹേ’ തുടങ്ങി ഒട്ടനവധി പ്രണയ ഗാനങ്ങള്‍

ഡല്‍ഹി: നിത്യഹരിതമായ ഒട്ടനവധി ഗസലുകളിലൂടെ സംഗീതാസ്വാദകരുടെ മനംകവര്‍ന്ന പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗസലുകളെ സ്നേഹിച്ച് ഗസല്‍ വഴികളിലൂടെ ഒഴുകി നീങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. സമാനതകളില്ലാത്ത ശബ്ദവും ഗസലുകളും ഈ സംഗീതയാത്രയെ വേറിട്ടതാക്കി.

‘ചിട്ടി ആയി ഹേ’ എന്ന ഒരൊറ്റ പ്രണയഗാനത്തിലൂടെ വ്യത്യസ്ത തലമുറകളെ തന്നെ തന്റെ ആരാധകരാക്കി മാറ്റി. ഗൃഹാതുര സ്മരണകളിലേക്ക് ആസ്വാദകരെ കൈപിടിച്ച് നയിക്കുന്ന ഈ രീതിയിലുള്ള ഒരു ഗാനം ഇന്ത്യന്‍ സംഗീതരംഗത്ത് വേറെയില്ല. അവിസ്മരണീയമായ മെലഡികള്‍ അദ്ദേഹത്തിന്റെ സംഗീതയാത്രയ്ക്ക് കരുത്തുകൂട്ടി. 2006-ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ. രണ്ട് പെണ്‍മക്കളാണുള്ളത്.

എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഗസല്‍ ആല്‍ബം ആഹതിലൂടെയാണ് പ്രേക്ഷകർക്കിടയില്‍ സ്വീകാര്യനാകുന്നത്. ‘നാം’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി ബോളിവുഡില്‍ ചുവടുറപ്പിച്ചു. ‘മുകരാർ’, ‘തരന്നും’, ‘മെഹ്ഫില്‍’ തുടങ്ങിയ ഹിറ്റ്‌ ആല്‍ബങ്ങളും പിന്നാലെ വന്നു. ശബ്ദം കൊണ്ടും വരികള്‍ കൊണ്ടും സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു. ‘ജീയേ തോ ജീയേ കൈസേ’, ‘ഔര്‍ ആഹിസ്ത കിജിയേ ബാത്തേന്‍’, ‘നാ കജ്രേ കി ധര്‍’ എന്നിവ ജനപ്രിയ ഗാനങ്ങളാണ്. 1991-ലെ റൊമാൻ്റിക് ചിത്രമായ സാജൻ എന്ന ചിത്രത്തിലെ ജീയേ കൈസെ, അബ്ബാസ്-മുസ്താൻ്റെ ബാസിഗറിലെ ചുപാന ബി നെഹി എന്നീ ഗാനങ്ങളിലൂടെ പങ്കജ് പ്രശസ്തനായി. നിരവധി ആല്‍ബങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നടത്തിയ സംഗീതകച്ചേരികളില്‍ അവതരിപ്പിച്ചിരുന്നു. ഗുജറാത്തിലെ ജറ്റ്‌പുർ എന്ന ഗ്രാമത്തിലായിരുന്നു ജനനം. മൂത്ത സഹോദരന്‍ മന്‍ഹര്‍ ഉധാസ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട പിന്നണി ഗായകനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top