പ്രമുഖ മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു; പുറത്തുകൊണ്ട് വന്നത് നിരവധി സ്കൂപ്പുകള്‍; അന്ത്യമാകുന്നത് പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു യുഗത്തിന്

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട മാധ്യമ പ്രവര്‍ത്തനത്തിന് ‘ദ ഹിന്ദു’വിലാണ് തുടക്കമിട്ടത്. സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ് തുടക്കത്തില്‍ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ, ബംഗ്ലദേശ് നേതാവ് മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത തുടങ്ങിയവ ശ്രദ്ധേയമാണ്. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായിരുന്നു. ധീരമായ നിലപാടുകള്‍ കൊണ്ടും സ്‌കൂപ്പുകള്‍ കൊണ്ടും മാധ്യമ ലോകത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

1991-ല്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ചു. സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതയോടെ ഇടപെട്ടുകൊണ്ട്‌ അദ്ദേഹം സജീവമായി നിലകൊണ്ടിരുന്നു. തിരുവനന്തപുരത്തും ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്. മകള്‍ മരിച്ച ശേഷം ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി. ‘ന്യൂസ് റൂം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു. കേരള സർക്കാരിന്‍റെ സ്വദേശാഭിമാനി–കേസരി മാദ്ധ്യമ പുരസ്കാരം 2014 -ൽ ലഭിച്ചു.

തിരുവനന്തപുരത്ത് കായിക്കരയിൽ 1932 മാർച്ച് 12നാണ് എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആർ‌പി ഭാസ്കർ‌ ജനിച്ചത്. ഈഴവസമുദായ നേതാവായ എ.കെ.ഭാസ്കർ നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു. 1951 ൽ കൊല്ലം എസ്എൻ കോളജിൽനിന്ന് ബിഎസ്‌സി പാസായി. അതിന് ശേഷമാണ് ഹിന്ദുവില്‍ ട്രെയിനിയായി ചേര്‍ന്നത്.

ഭാര്യ: പരേതയായ രമ. മാധ്യമപ്രവർത്തകയായിരുന്ന മകൾ ബിന്ദു ഭാസ്കർ ബാലാജി 2019ൽ അന്തരിച്ചു. മരുമകൻ: ഡോ.കെ.എസ് ബാലാജി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top