സെൻട്രൽ ജയിലിൽ നടന് വിഐപി പരിഗണന; ആരാധകനെ ഷോക്കടിപ്പിച്ച് കൊന്ന കേസിലെ പ്രതി ദർശൻ്റെ ചിത്രങ്ങൾ പുറത്ത്

കൊലക്കേസ് പ്രതിയായി ജയിലിൽ കഴിയുന്ന സിനിമാ നടന് വിഐപി പരിഗണ ലഭിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപ ജയിലിൽ സ്വന്തം വീട്ടിലെന്ന പോലെ കഴിയുന്നു എന്നാരോപിച്ചാണ് ചിത്രം പ്രചരിച്ചത്. വ്യാപകമായി ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ജയിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.

ചിത്രം എന്നാണ് എടുത്തത് എന്നകാര്യം വ്യക്തമല്ല . ജയിലിനുള്ളിലെ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് കയ്യിൽ ഒരു കപ്പും സിഗരറ്റുമായി നടന്‍ വിശ്രമിക്കുന്നതായിട്ടാണ് വൈറലായ ഫോട്ടോയില്‍ ഉള്ളത്. മറ്റ് ചില തടവുകാരും നടനോടൊപ്പം ഇരിക്കുന്നതും വ്യക്തമാണ്. ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തിലാണ് ദർശൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് നടൻ. കന്നട നടി പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. കേസിൽ ആകെ 17 പ്രതികളാണുള്ളത്.

പവിത്ര ഗൗഡയ്ക്ക് അപകീർത്തികരമായ മെസേജ് അയച്ചതിന് നടൻ ദർശൻ്റെ ഫാൻസ് ക്ലബ്ബ് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് നടന്‍ ജയിലില്‍ കഴിയുന്നത്. ഈവര്‍ഷം ജൂൺ 8ന് ചിത്രദുർഗയിൽ നിന്നും കടത്തിക്കൊണ്ടുവന്ന ആരാധകനെ മരിച്ച നിലയില്‍ ബംഗളൂരുവിലെ സുമനഹള്ളി പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുമ്പ് വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top