കര്‍ഷകര്‍ രാജ്യദ്രോഹികളോ? സമരത്തെ നേരിടാന്‍ വന്‍സന്നാഹവുമായി കേന്ദ്രം; രാജ്യ തലസ്ഥാനത്ത് മുന്‍പില്ലാത്ത ഒരുക്കങ്ങള്‍

സ്വന്തം പ്രജകളുടെ ഒരു പ്രതിഷേധത്തെ നേരിടാന്‍ ഭരണകൂടം സ്വീകരിക്കുന്ന വിചിത്ര മാര്‍ഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. റോഡില്‍ മുള്ളാണികള്‍ സ്ഥാപിച്ചും ഡ്രോണില്‍ കണ്ണീവാതക ഷെല്ലുകള്‍ വര്‍ഷിച്ചും റബര്‍ ബുളളറ്റ് കൊണ്ട് വെടിവെച്ചുമൊക്കെ കര്‍ഷകസമരത്തെ കൈകാര്യം ചെയ്യാനാണ് പദ്ധതി. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കാരണം, ഭരണകൂടത്തെ വിറപ്പിക്കാന്‍ വീണ്ടുമൊരു കര്‍ഷക സമരത്തിന് അരങ്ങൊരുങ്ങുകയാണ്. ഡല്‍ഹി ചലോ മാര്‍ച്ചുമായി രാജ്യ തലസ്ഥാനത്തേയ്ക്ക് ട്രാക്ടറില്‍ മാര്‍ച്ച് ചെയ്യുന്ന കര്‍ഷകർ ഉന്നയിക്കുന്നത് മിനിമം താങ്ങുവിലയെന്ന ന്യായമായ ആവശ്യമാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഇത് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. 2020ലെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കര്‍ഷക സമരത്തിന് ശേഷം വീണ്ടും പ്രതിഷേധത്തില്‍ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങു വില പ്രഖ്യാപിക്കുക, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, 60 വയസ്സിന് മുകളിലുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ കര്‍ഷക സമരത്തില്‍ ഉന്നയിക്കപ്പെട്ടതും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതുമായ ആവശ്യങ്ങളാണിത്. എന്നാല്‍ നാളിതുവരെയും ഇതൊന്നും പാലിക്കാത്തതു കൊണ്ടാണ് വീണ്ടും പ്രതിഷേധം ശക്തമാക്കുന്നത്.

എന്താണ് താങ്ങുവില(എംഎസ്പി-മിനിമം സപ്പോര്‍ട്ട് പ്രൈസ്)

സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് നല്‍കുന്ന വിലയാണ് താങ്ങുവില. ഇത് പലപ്പോഴും വിപണി വിലയേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആകാം. എന്നാല്‍ ഇത് കര്‍ഷകര്‍ക്കും വിളകള്‍ക്കും സുരക്ഷിതത്വം നല്‍കും. വില വലിയ രീതിയില്‍ കുറയുകയാണെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടം നികത്താന്‍ താങ്ങുവില സഹായകമാണ്.എല്ലാ വര്‍ഷവും സര്‍ക്കാര്‍ ന്യായവില പ്രഖ്യാപിക്കുന്ന 23 വിളകളില്‍ ഏഴ് ധാന്യങ്ങള്‍ (നെല്ല്, ഗോതമ്പ്, ചോളം, ബജ്റ, ജോവര്‍, റാഗി, ബാര്‍ലി), അഞ്ച് പയര്‍വര്‍ഗ്ഗങ്ങള്‍ (കടല, അര്‍ഹര്‍, ചെറുപയര്‍, ഉഴുന്ന്, മസൂര്‍), ഏഴ് എണ്ണക്കുരുക്കള്‍ (നിലക്കടല, സോയാബീന്‍, റാപ്സീഡ്-കടുക്, എള്ള്, സൂര്യകാന്തി, നൈജര്‍ വിത്ത്, കുങ്കുമപ്പൂവ്) നാല് വാണിജ്യ വിളകള്‍ (കരിമ്പ്, പരുത്തി, കൊപ്ര, ചണം) എന്നിവയാണുള്ളത്. എന്നാല്‍ ഇതില്‍ അരിക്കും ഗോതമ്പിനും മാത്രമാണ് കൃത്യമായ താങ്ങുവില ലഭിക്കുന്നത്. ഇതില്‍ മാറ്റം വേണമെന്നും, മറ്റ് 21 ഉല്‍പന്നങ്ങള്‍ക്ക് കൂടി താങ്ങുവില കൃത്യമായി നടപ്പാക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം സംഭരിക്കുന്ന കാര്‍ഷിക വിളകളുടെ പണം കുടിശികയില്ലാതെ ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

സ്വമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം

താങ്ങുവില നിര്‍ണ്ണയമടക്കം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതാണ് പ്രധാന ആവശ്യം. താങ്ങുവില ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം എങ്കിലും കൂടുതലായിരിക്കണം എന്നാണ് സ്വമാനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശ. ജലത്തിന്റെ ലഭ്യത ഉറപ്പാക്കല്‍, ഗുണനിലവാരമുള്ള വിത്തുകള്‍, സാങ്കേതികവല്‍ക്കരണം എന്നിവ നടപ്പാക്കുക, കര്‍ഷകരെയും ഭൂപരിഷ്‌കരണത്തെയും ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമിയും വനവും കോര്‍പ്പറേറ്റ് മേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, നിബന്ധനകളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക ഭൂമിയുടെ വില്‍പ്പന നിയന്ത്രിക്കുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക അനുബന്ധ അടിസ്ഥാന മേഖലകളില്‍ വികസനമെത്തിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്. 2006ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ കൃഷി ഉള്‍പ്പെടുത്തണമെന്ന നിർദ്ദേശം മാത്രമാണ് നടപ്പാക്കിയത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യമായി നിയമനിര്‍മാണത്തിന് അധികാരങ്ങളുള്ള വിഷയങ്ങളാണ് കണ്‍കറന്റ് ലിസ്റ്റിലുളളത്. മറ്റ് പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം മാറിമാറിവന്ന സര്‍ക്കാരുകള്‍ വേണ്ടവിധം പരിശോധിക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല എന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

പ്രതിഷേധിക്കുന്നവര്‍ ആരെല്ലാം

2020ലെ കര്‍ഷക സമരത്തില്‍ രാജ്യത്തെ ഭൂരിഭാഗം കര്‍ഷക സംഘടനകളുടേയും പങ്കാളിത്തം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അതില്ല. മൂന്ന് സംസ്ഥാനങ്ങളിലുള്ള കര്‍ഷകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജഗ്ജിത് സിംഗ് ദല്ലേവാള്‍, സര്‍വന്‍ സിംഗ് പാന്ധര്‍ തുടങ്ങിയ കര്‍ഷക നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി എന്നിവയുടെ കോര്‍ഡിനേറ്ററാണ് സര്‍വന്‍ സിങ് പാന്ധര്‍, സംയുക്ത് കിസാന്‍ മോര്‍ച്ച കണ്‍വീനറാണ് ജഗ്ജിത് സിങ് ദല്ലേവാള്‍. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതും സമരത്തിന്റെ അജണ്ടകള്‍ തീരുമാനിക്കുന്നതുമെല്ലാം ഈ നേതാക്കളാണ്. 17 സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. രാകേഷ് ടിക്കായത്തിനെ പോലുളള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കുന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടികളെ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രതികരണങ്ങള്‍

കര്‍ഷക സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വിവിധ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ഷക മാര്‍ച്ചിനെ തടയാന്‍ ശ്രമിക്കുമ്പോഴും കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ബിജെപിയും ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മുഴുവന്‍ കര്‍ഷക സംഘടനകളും രംഗത്തില്ലെങ്കിലും സമരം കടുത്താല്‍ എല്ലാവരും രംഗത്തെത്തുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തിരക്കിട്ട നീക്കങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top