‘ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ’, ആത്മഹത്യക്ക് തൊട്ട് മുന്‍പുള്ള കര്‍ഷകന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്; തിരുവല്ല ആശുപത്രിയിലേക്ക് ഗവര്‍ണര്‍; കര്‍ഷകര്‍ക്ക് ക്രൂര അവഗണനയെന്ന് സതീശന്‍; കര്‍ഷക ആത്മഹത്യയില്‍ വിവാദം
ആലപ്പുഴ: നെല്ലിന് സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് വന്ന കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിലെ കര്‍ഷകന്‍ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്തതില്‍ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ഖാന്‍ കൂടി രംഗത്ത് വന്നത് സര്‍ക്കാരിനു പ്രഹരവുമായി. ആശുപത്രിയിലേക്ക് ഗവര്‍ണര്‍ എത്തുന്നുണ്ട്.
പ്രശ്നത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ”കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പോലും ലഭിക്കാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്നാണ്” കേരളീയത്തെ പരാമര്‍ശിച്ച് ഗവര്‍ണര്‍ ആരോപിച്ചത്. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് വന്നിട്ടുണ്ട്. സപ്ലൈകോ കര്‍ഷകര്‍ക്ക് പണം നല്‍കാത്തത് കാരണമുള്ള ദുരിതം പൊതുവേദിയില്‍ തുറന്നു പറഞ്ഞതിന്‍റെ പേരില്‍ ‘കല്ലേറ്’ കൊണ്ട നടന്‍ കൃഷ്ണപ്രസാദും പ്രതികരിച്ചിട്ടുണ്ട്. ‘എന്നെ തേജോവധം ചെയ്തു, മരിച്ച പ്രസാദിനെയെങ്കിലും വെറുതെ വിടണം’ എന്നാണ് കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടത്. പാഡി രസീത് ഷീറ്റി(പിആര്‍എസ്)ന്‍റെ പേരില്‍ ഒരു കര്‍ഷകനും ബാധ്യത വരില്ലെന്നാണ് മന്ത്രി ജി.ആര്‍.അനില്‍ ഇന്ന് പ്രതികരിച്ചത്. പിആര്‍എസ് രസീതിയുടെ പേരിലുള്ള ബാധ്യത സര്‍ക്കാരിനും സപ്ലൈകോയ്ക്കുമാണ് എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ ശരിയല്ലെന്നാണ് പ്രസാദിന്റെ ആത്മഹത്യ തെളിയിക്കുന്നത്.
ബിജെപി കര്‍ഷക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. സുഹൃത്തായ ജില്ലാ സെക്രട്ടറി ശിവരാജനോട് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞാണ് ഇന്നലെ സ്വന്തം വീട്ടില്‍ വെച്ച് കീടനാശിനി കഴിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലും പിന്നീട് തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നെല്ല് നല്‍കിയപ്പോള്‍ നെല്ലിന്റെ പണം നല്‍കാതെ സപ്ലൈകോ പിആര്‍എസ് (പാഡി രസീത് ഷീറ്റ്) നല്‍കി. ഈ രസീത് ബാങ്കില്‍ നല്‍കിയാല്‍ ലോണ്‍ എടുക്കാം. അത് പ്രകാരം പ്രസാദ് എസ്ബിഐയില്‍ പോയപ്പോള്‍ ലോണ്‍ നല്‍കിയില്ല.
കഴിഞ്ഞ തവണ പിആര്‍എസ് പ്രകാരം എടുത്ത തുക ബാങ്കില്‍ സര്‍ക്കാര്‍ അടച്ചിട്ടില്ല. സര്‍ക്കാര്‍ ബാങ്കില്‍ തുക അടയ്ക്കുമ്പോള്‍ ലോണ്‍ ക്ലോസ് ആകും. തുക അടച്ചില്ലെങ്കില്‍ ലോണ്‍ എടുക്കുന്ന കര്‍ഷകന്‍റെ സിബല്‍ സ്കോര്‍ താഴെപ്പോകും. പിആര്‍എസ് രസീതാണ് സപ്ലൈകോ പ്രസാദിന് നല്‍കിയത്. ഇത്തവണ മൂന്നേക്കറിലാണ് നെല്‍ കൃഷി നടത്തിയത്. വളമിടേണ്ട സമയത്ത് പണം വേണം. പിആര്‍എസ് രശീതി നല്‍കിയാല്‍ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട ബാങ്കുകള്‍ ലോണ്‍ നല്‍കണം. പ്രസാദ് ലോണിനായി ബാങ്കിനെ സമീപിച്ചപ്പോള്‍ കഴിഞ്ഞ തവണ എടുത്ത ലോണ്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ അടച്ചിട്ടില്ല. സിബല്‍ സ്കോര്‍ താഴെയായതിനാല്‍ ബാങ്ക് ലോണ്‍ നല്‍കിയില്ല. സപ്ലൈകോ പണം നല്‍കാത്തതാണ് പ്രസാദിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചത്.
ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസാദ് പറയുന്നത്. . സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും പറയുന്നുണ്ട്. ‘ഞാൻ പരാജയപ്പെട്ടു പോയ കർഷകനാ. കുറേ ഏക്കറുകൾ നിലം ഞാൻ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നമുക്ക് കാശ് തന്നില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു. ലോൺ ചോദിച്ചപ്പോൾ പിആർഎസ് കുടിശികയുള്ളതുകൊണ്ട് ലോൺ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ..ഞാൻ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി.
20 കൊല്ലം മുൻപ് മദ്യപാനം നിർത്തിയവനാ. പക്ഷേ ഇപ്പോ ഞാൻ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങൾ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാൻ പരാജയപ്പെട്ടു പോയി. എനിക്ക് നിൽക്കാൻ മാർഗമില്ല. ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോൾ കടക്കാരനാണ്. ഞാൻ മൂന്നേക്കർ ഇപ്പോൾ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാൻ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോൾ അവര് പറയുന്നത് പിആർഎസ് കുടിശികയാണെന്നാ.
5 ലക്ഷം രൂപയാണ് എന്റെ പേരിൽ സിബിൽ കാണിക്കുന്നത്. കാരണം ഞാൻ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് 5 ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോൾ സർക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്. സർക്കാരത് തിരിച്ചടിച്ചിട്ടില്ല. സർക്കാര് അത് ബാങ്കുകാർക്ക് കൊടുത്താലേ എന്റെ ലോൺ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോൺ തരില്ല.എനിക്കിപ്പോ ആരും പണം തരില്ല. ഞാൻ പരാജയപ്പെട്ടവനാ’’എന്നാണ് പ്രസാദ് ഫോൺ സംഭാഷണത്തിൽ വേദനയോടെ പറയുന്നത്. ജീവിതം മടുത്തുന്നെന്നും താൻ മരിക്കുമെന്നും പ്രസാദ് ആവർത്തിച്ചു പറയുന്നുണ്ട്. താൻ മരിച്ചു പോയാലും കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ സഹായിക്കണമെന്നും സുഹൃത്തിനോട് പറയുന്നുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമാണ് പ്രസാദിനുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here