ജപ്തി നോട്ടീസ് ലഭിച്ച ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി; ആത്മഹത്യ കേരള ബാങ്കിന്റെ സമയപരിധി തീരുന്നതിന് തൊട്ടുമുന്‍പ്

കണ്ണൂര്‍: സംസ്ഥാനത്തെ നടുക്കി വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ പേരാവൂര്‍ കേരള ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കര്‍ഷകനായ എം.ആർ. ആൽബർട്ടിനെയാണ് (68) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവാഴ്ച രണ്ട് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കേരള ബാങ്ക് അറിയിച്ചിരുന്നു. ഇന്ന് രാവിലെ ഭാര്യ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് ജീവനൊടുക്കിയത്. കാല്‍ നൂറ്റാണ്ടോളം പേരാവൂര്‍ കൊളക്കാട് ക്ഷീരകര്‍ഷക സംഘം പ്രസിഡന്റായിരുന്നു.

മുഖ്യമന്ത്രിയുടെ നവകേരള യാത്ര കാസര്‍കോട് തുടങ്ങിയ ശേഷം നടക്കുന്ന മൂന്നാമത് കര്‍ഷക ആത്മഹത്യയാണിത്‌. കടബാധ്യതയെ തുടര്‍ന്ന് വയനാടിലെ ക്ഷീരകര്‍ഷകനായ ജോയി എന്ന തോമസും കണ്ണൂര്‍ ഇരിട്ടിയിലെ സുബ്രഹ്മണ്യനും നവംബര്‍ 17ന് ജീവനൊടുക്കിയിരുന്നു. ഇതിന് തൊട്ടുമുന്‍പ്, സര്‍ക്കാരിന്റെ പിആര്‍എസ് വായ്പക്കെണിയില്‍പ്പെട്ട കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ‘ഞാന്‍ പരാജയപ്പെട്ടു പോയി, ഉത്തരവാദി സര്‍ക്കാര്‍’ എന്ന് എഴുതിവച്ചായിരുന്നു തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കര്‍ഷകന്‍ കെ.ജി. പ്രസാദ് ജീവനൊടുക്കിയത്.

കുടുംബശ്രീയില്‍ ഉള്‍പ്പെടെ വായ്പക്ക് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പലിശ അടക്കം 2,02,000 ത്തോളം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത മാനസിക വിഷമം അടുപ്പക്കാരോട്‌ പങ്ക് വെച്ചിരുന്നു.

മികച്ച സഹകാരിയും രാഷ്ട്രീയ-സംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ആല്‍ബര്‍ട്ടിന്‍റെ ആത്മഹത്യ പേരാവൂരിനെ നടുക്കിയിട്ടുണ്ട്. കര്‍ഷക പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. സര്‍ക്കാര്‍ അനാസ്ഥ തന്നെയാണ് ആല്‍ബര്‍ട്ടിന്‍റെ ആത്മഹത്യക്ക് വഴിവെച്ചത്-കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ആല്‍ബര്‍ട്ടിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകും.
ഭാര്യ: വത്സ. മക്കൾ: ആശ,അമ്പിളി, സിസ്റ്റർ അനിത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top