സിറ്റിങ്ങിനിടെ അടിച്ചുമാറ്റിയത് കമ്മിഷന്‍ അംഗത്തിന്റെ മൊബൈല്‍ ഫോണ്‍; പരാതി നല്‍കിയിട്ടും ഒരു മാസമായിട്ടും അനക്കമില്ല; ഫോണ്‍ കാണാമറയത്തെന്ന് കെ.ജി.രവി
തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്ങിനിടെ മോഷണം പോയത് കമ്മിഷന്‍ അംഗത്തിന്റെ മൊബൈല്‍ ഫോണ്‍. പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു മാസമായിട്ടും മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചില്ല. കമ്മിഷന്‍ അംഗം കെ.ജി.രവിയുടെ റെഡ്മി മൊബൈല്‍ ഫോണാണ് മേയ് 3ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിനിടെ മോഷണം പോയത്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരനക്കവും സംഭവിച്ചിട്ടില്ല. എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് പരാതി നല്‍കിയപ്പോള്‍ പോലീസ് പറഞ്ഞത്. പക്ഷെ ഇപ്പോഴും ഫോണ്‍ കാണാമറയത്ത് തന്നെ.
ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചു വരെയായിരുന്നു സിറ്റിങ്. അവിടെ ക്യാമറയില്ലായിരുന്നു. തന്റെ വലതുവശത്താണ് ഫോണ്‍ ഉണ്ടായിരുന്നത്. പക്ഷെ സിറ്റിങ്ങിനിടെ എപ്പോഴോ ഫോണ്‍ മോഷണം പോയി.- കെ.ജി.രവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കമ്മിഷന്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. നാല് മണിക്ക് ഒരു ഫോട്ടോ എടുത്തിരുന്നു. ആ സമയം ഫോണ്‍ തന്റെ അടുക്കല്‍ ഇരിക്കുന്നുണ്ട്. സിറ്റിങ് കഴിഞ്ഞപ്പോള്‍ ഫോണ്‍ അവിടെയില്ല. മറ്റൊരു ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബിഎസ്എന്‍എലില്‍ പരാതി നല്‍കിയപ്പോള്‍ അവര്‍ മറ്റൊരു സിം തന്നു. ഫോണിനെക്കുറിച്ച് ഒരു അറിവുമില്ല.” -രവി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here