കര്‍ഷകര്‍ ഇന്ന് രാജ്യ തലസ്ഥാനം വളയും; ‘ദില്ലി ചലോ’ മാര്‍ച്ച് തടയാന്‍ രണ്ടും കല്‍പ്പിച്ച് കേന്ദ്രം

ഡല്‍ഹി: താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഇന്ന് രാജ്യ തലസ്ഥാനത്തെത്തും. 2,000 ട്രാക്ടറുകളുമായി ഇരുപതിനായിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ച് നടത്തുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സംയുക്ത കിസാൻ മോർച്ച ഉള്‍പ്പെടെ ഇരുനൂറോളം കർഷക സംഘടനകളാണ് മാർച്ചിന് നേതൃത്വം നല്‍കുന്നത്. ആഴ്ചകള്‍ ഡല്‍ഹിയില്‍ തങ്ങാനുള്ള ഭക്ഷണവും അവശ്യ സാധനങ്ങളുമായാണ് ഇവര്‍ എത്തുന്നത്.

കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീ​ഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങിയത്. താങ്ങുവില നിയമപരം ആക്കണം എന്നടക്കമുള്ള ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനം ആയില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. പഞ്ചാബിലെ വിവിധ ഇടങ്ങളില്‍ നിന്നും ട്രാക്ടറുകളില്‍ മാര്‍ച്ച് നടത്തി ഡല്‍ഹിയിലേക്ക് എത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് അര്‍ധസൈനികരെയും പോലീസ്‌ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, കണ്ടെയ്നറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് അതിര്‍ത്തികള്‍ അടച്ചു. വഴികളില്‍ ആണികളും മുള്ളുവേലികളും നിരത്തി കര്‍ഷകരെ തടയാനും ശ്രമമുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന അറിയിപ്പും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാനുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ മെട്രോകളും റദ്ദാക്കി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍പരം കര്‍ഷകരാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്ത് ആത്മഹത്യ ചെയ്തത്. മിനിമം താങ്ങുവില വിളകള്‍ക്ക് നല്‍കാത്തതാണ് കര്‍ഷകരെ കടക്കെണിയില്‍ ആക്കിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ നടത്തിയ കർഷക സമരത്തില്‍ താങ്ങുവില നടപ്പിലാക്കുമെന്നും, കേസുകൾ പിൻവലിക്കുമെന്നും കേന്ദ്രം ഉറപ്പ് നല്‍കിയെങ്കിലും നടപ്പായില്ല. ഇത് രണ്ടും വൈകുന്നതിനെതിരെ ഏറെക്കാലമായി കർഷക സംഘടനകൾ പല തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

‘ദില്ലി ചലോ’യില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍:

1.താങ്ങുവില നിയമനിര്‍മ്മാണം നടപ്പാക്കുക

2. കാര്‍ഷിക കടം എഴുതിത്തള്ളുക


3. സ്വതന്ത്രവ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പുറത്തുവരണം


4. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടണം


5. വൈദ്യുതബോര്‍ഡ് സ്വകാര്യവത്കരിക്കരുത്


6. കാര്‍ഷികമേഖലയിലെ കോര്‍പറേറ്റ് വത്കരണം അവസാനിപ്പിക്കുക


7. കർഷക സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം


8. കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം


9. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top