കര്‍ഷക സമരം തുടരും; കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞു; ദില്ലി ചലോ മാര്‍ച്ച് പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ഡൽഹി: കേന്ദ്ര സര്‍ക്കാരുമായി നടത്തിയ സമവായചര്‍ച്ച പൊളിഞ്ഞതോടെ സമരം തുടരാന്‍ കര്‍ഷകരുടെ തീരുമാനം. അഞ്ച് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താങ്ങുവില നൽകാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളിയതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്.

നാലാംവട്ട ചർച്ചയിലെ നിർദേശത്തിൽ കർഷകർക്കു ഗുണമില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിൻറെ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.

സർക്കാരിൻറെ മറുപടിക്കായി ചൊവ്വാഴ്ചവരെ കാത്തിരിക്കും. അനുകൂല സമീപനമില്ലെങ്കിൽ നിർത്തിവെച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ച് ബുധനാഴ്ച പുനരാരംഭിക്കാനാണ് തീരുമാനം.

അതിനിടെ, സമരത്തിന്‍റെ ഭാഗമായ രണ്ടു കർഷകർകൂടി മരിച്ചു. പട്യാലയിൽ പഞ്ചാബ് മുൻമുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ വസതിക്കുമുമ്പിൽ പ്രതിഷേധിച്ച ബികെയു ഉഗ്രഹാൻ വിഭാഗത്തിന്റെ പ്രവർത്തകൻ നരേന്ദ്രപാൽ സിങ് (45), ഖനോരി അതിർത്തിയിൽ സമരത്തിന്റെ ഭാഗമായ ബികെയു ക്രാന്തികാരി വിഭാഗം നേതാവ് മഞ്ജിത്ത് സിങ് (70) എന്നിവരാണ് മരിച്ചത്. ഇതോടെ സമരത്തിൽ പങ്കെടുക്കവേ മരിച്ച കർഷകരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ 13-ന് ആരംഭിച്ച സമരം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. പഞ്ചാബിൽനിന്ന് പുറപ്പെട്ട കർഷകരെ ഹരിയാന അതിർത്തികളടച്ച് പോലീസ് തടഞ്ഞിരിക്കുകയാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here