ഇന്ത്യയുടെ അഭിമാനമുയർത്തി കർഷകൻ്റെ മകൻ; ഒരു സരബ്ജോത് സിംഗ് മെഡൽഗാഥ

പാരീസ് ഒളിമ്പിക്‌സിൻ്റെ നാലാം ദിനം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിംഗിൽ മനു ഭാക്കർ – സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം. 1900 ന് ശേഷം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും മനു ഇന്ന് സ്വന്തമാക്കി. മുമ്പ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും ഹരിയാനക്കാരിയായ മനു വെങ്കലം നേടിയിരുന്നു. ഇപ്പോൾ കായികലോകം ചർച്ച ചെയ്യുന്നത് മനുവിൻ്റെ ഷൂട്ടിംഗ് പങ്കാളിയായ സരബ്ജോത് സിംഗിനെക്കുറിച്ചാണ്.

ഹരിയാനയിലെ അംബാലയിലെ ധീൻ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ നിന്നാണ് 22കാരനായ സരബ്ജോത് സിംഗ് ഷൂട്ടിംഗ് റേഞ്ചിലേക്ക് എത്തുന്നത്. കർഷകനായ ജതീന്ദർ സിങ്ങിൻ്റെയും ഹർദീപ് കൗറിൻ്റെയും മകനാണ്. ചണ്ഡീഗഡിലെ ഡിഎവി കോളേജിലായിരുന്നു പഠനം. സെൻട്രൽ ഫീനിക്സ് ക്ലബ്ബിലെ എആർ ഷൂട്ടിംഗ് അക്കാദമിയിൽ അഭിഷേക് റാണയുടെ കീഴിലായിരുന്നു പരിശീലനം.

ചെറുപ്പത്തിൽ ഫുട്ബോൾ താരമാകാൻ കൊതിച്ച സരബ്ജോത് പതിമൂന്നാം വയസിലാണ് ഷൂട്ടിംഗിലേക്ക് തിരിയുന്നത്. അന്ന് ഒരു ലോക്കൽ റേഞ്ചിൽ കുട്ടികൾ എയർഗൺ ഉപയോഗിക്കുന്നത് കണ്ടത് മുതലാണ് സിംഗിൻ്റെ മനസിൽ ഷൂട്ടിംഗ് മോഹങ്ങൾ പൊട്ടിമുളയ്ക്കുന്നത്. അവൻ കർഷകനായ തൻ്റെ അച്ഛനോട് താല്പര്യം അറിയിച്ചു. ഷൂട്ടിംഗ് പഠിക്കണമെന്ന തൻ്റെ മകൻ്റെ ആഗ്രഹത്തോട് അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചില്ല. അതിന് ആവശ്യമായി വരുന്ന പണ ചെലവിനെപറ്റി അവന് ബോധ്യമാക്കി കൊടുത്തു. എന്നാൽ അവൻ പിൻമാറാൻ ഒരുക്കമായിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് മാതാപിതാക്കൾ അവൻ്റെ ആഗ്രഹത്തിന് വഴങ്ങിയത്.

2019 ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതോടെയാണ് സരബ്ജോത് ആദ്യമായി പ്രശസ്തനാകുന്നത്. 2022 ൽ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് ടീമിലും അദ്ദേഹം അംഗമായിരുന്നു. തുടർന്ന് 2023ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വെങ്കലം നേടി. പാരീസ് ഒളിമ്പിക്സിൽ വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സരബ്ജോത് മെഡൽ നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും അതേ വിഭാഗത്തിലെ മിക്സഡ്-ടീം വിഭാഗത്തിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്താൽ അദ്ദേഹത്തിനായി.

സരബ്ജോത് സിംഗിൻ്റെ നേട്ടങ്ങൾ ഇതുവരെ

പാരീസ് ഒളിമ്പിക്സ് (2024) – മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ

ഏഷ്യൻ ഗെയിംസ് (2022) – ടീം ഇനത്തിൽ സ്വർണം, മിക്‌സഡ് ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കൊറിയ (2023) – 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ

ലോകകപ്പ്, ഭോപ്പാൽ (2023) – വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ

ലോകകപ്പ്, ബാക്കു, (2023) – മിക്സഡ് ടീം ഇനത്തിൽ സ്വർണം

ജൂനിയർ ലോകകപ്പ്, സുഹ്ൽ (2022) – ടീം ഇനത്തിൽ സ്വർണം, വ്യക്തിഗത, മിക്സഡ് ടീം ഇനങ്ങളിൽ രണ്ട് വെള്ളി

ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പ്, ലിമ (2021) – ടീം, മിക്സഡ് ടീം ഇനങ്ങളിൽ 2 സ്വർണം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top