ബക്കറ്റുകൊണ്ട് യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവിന്റെ ജാമ്യാപേക്ഷ തള്ളി; 71കാരന്‍ ഒരു മാസമായിട്ടും ഒളിവില്‍ തന്നെ

തിരുവനന്തപുരം ബാലരാമപുരത്ത് യുവതിയെ ബക്കറ്റുകൊണ്ട് തല്ലിച്ചതച്ച ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്യാതെ പോലീസിന്റെ കള്ളക്കളി. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ 71കാരനായ പ്രതി ക്രിസ്തുദാസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഈ ജാമ്യാപേക്ഷ കഴിഞ്ഞ 21ന് അഡീഷണല്‍ സെഷന്‍സ് കോടതി (2) തള്ളിയിരുന്നു. എന്നാല്‍ ഇപ്പോഴും പ്രതി ഒളിവില്‍ തന്നെയാണ്. പ്രതിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവതി നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

തനിക്കും ഓട്ടിസം ബാധിച്ച കുട്ടിക്കും ഭര്‍തൃപിതാവില്‍ നിന്നും മര്‍ദനം ഏറ്റതിനെ തുടര്‍ന്ന് അതിക്രമത്തില്‍ നിന്നു സംരക്ഷണം തേടി യുവതി കോടതിയെ സമീപിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി നല്‍കിയ സംരക്ഷണ ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് പ്രതി വീണ്ടും ആക്രമണം നടത്തിയത്. അതുകൊണ്ട് തന്നെ പ്രതിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാല്‍ അതിനുശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ജൂലൈ 31നാണ് യുവതിയെ ഭര്‍തൃപിതാവ് ബക്കറ്റുകൊണ്ട് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ യുവതിയുടെ മൂക്കിന് ഗുരുതരമായി പരുക്ക് പറ്റുകയും ദേഹമാസകലം മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ക്രിസ്തുദാസിനെതിരെ ബാലരാമപുരം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.

യുവതിയെയും ഓട്ടിസം ബാധിച്ച കുട്ടിയെയും മര്‍ദിച്ചതിന്റെ പേരില്‍ പ്രതിക്ക് എതിരെ മുന്‍പ് എടുത്ത രണ്ട് കേസുകള്‍ കൂടി നിലവിലുണ്ട്. തന്നേയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ വേണ്ടിയാണ് ഭര്‍തൃപിതാവിന്റെ ശ്രമമെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ പേരിലാണ് യുവതിക്ക് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ഇതോടെയാണ് സംരക്ഷണം തേടി യുവതി കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് അറിയില്ലെന്നും ഈ കാര്യം അന്വേഷിക്കുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top