സിദ്ധാര്‍ത്ഥനെതിരായ റിപ്പോര്‍ട്ടില്‍ അഭിഷേക് ഒപ്പിട്ടത് ഒളിവിലിരിക്കെ; പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പ്രതി ചേര്‍ക്കണമെന്ന് കുടുംബം; അധ്യാപകര്‍ക്കെതിരെയും പരാതി നല്‍കും

വയനാട് : സിദ്ധാര്‍ത്ഥനെതിരെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സഹപാഠി നല്‍കിയ പരാതി കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതി പരിശോധിച്ചതില്‍ ദുരൂഹതയെന്ന് കുടുംബം. സിദ്ധാര്‍ത്ഥന്‍ മരിച്ച ഫെബ്രുവരി 18നാണ് മോശമായി പെരുമാറിയെന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഈ പരാതി സമിതിക്ക് കൈമാറിയത് 22നാണ്. 26ന് സമിതി യോഗം ചേരുകയും സിദ്ധാര്‍ത്ഥന്‍ മരിച്ചതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. സമിതിയിലെ വിദ്യാര്‍ത്ഥിയംഗം സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അഭിഷേകാണ്. സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫെബ്രുവരി 18 മുതല്‍ ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. ഒളിവിലുളളയാള്‍ എങ്ങനെ സമിതിയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന ചോദ്യമാണ് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ഉയര്‍ത്തുന്നത്. ഇത് അധ്യാപകരുടെ അറിവോടെ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനു കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.

മാനസികമായി തളര്‍ത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. ഫെബ്രുവരി 14ന് നടന്ന സംഭവത്തില്‍ മരണം നടന്ന ശേഷമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണ്. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പരാതി വാസ്തവമാണോയെന്നറിയാന്‍ വൈദ്യപരിശോധന നടത്തണം. കൊന്നു തിന്നു കഴിഞ്ഞാലും വൈരാഗ്യം തീരാത്ത തരത്തിലാണ് എസ്എഫ്‌ഐയും ചില അധ്യാപകരും പെരുമാറുന്നതെന്നും ജയപ്രകാശ് പറഞ്ഞു.

സമിതിയുടെ റിപ്പോര്‍ട്ടില്‍ ഒരു അധ്യാപകന്‍ ഒപ്പിട്ടിരിക്കുന്നതില്‍ തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2026 ആണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് രക്ഷപ്പെടാന്‍ വേണ്ടി തട്ടികൂട്ടിയുണ്ടാക്കിയ റിപ്പോര്‍ട്ടെന്ന വിമര്‍ശനമുയരുന്നത്. പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ചപ്പോഴും മൂന്ന് ദിവസം കെട്ടിയിട്ട് മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും സിദ്ധാര്‍ത്ഥനോട് ചെയ്ത ക്രൂരറാഗിങ്ങില്‍ ഒരു പരിശോധനയും നടന്നില്ല. മരിച്ച വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ തിടുക്കപ്പെട്ട് കമ്മറ്റി വിളിച്ചതിന്റെ കാരണവും കോളജ് അധികൃതര്‍ വ്യക്തമാക്കേണ്ടി വരും. പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ച സമയത്ത് അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗം വിളിച്ച അധ്യാപകരുടെ മനസാക്ഷിയില്ലാത്ത നടപടിയിലും വിമര്‍ശനമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്ന് ദിവസമായി സിദ്ധാര്‍ത്ഥ് ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ക്രൂരമര്‍ദ്ദനവും ഏറ്റിട്ടുണ്ട്. ഇത്തരത്തില്‍ അവശനായ ഒരാള്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ലെന്നും പിന്നെയെങ്ങനെയാണ് അത്മഹത്യ ചെയ്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top