ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവ്; പിതാവ് എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമെന്ന് കോടതി

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണ്. മകളെ സംരക്ഷിക്കേണ്ട അച്ഛൻ നീചമായ കുറ്റകൃത്യമാണ് നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിലൂടെ കുട്ടിയുടെ ബാല്യമാണ് നഷ്ടപ്പെട്ടത്. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്യാൻ തുനിഞ്ഞിറങ്ങിയ പ്രതിയെ നിയമത്തിൻ്റെ ഉരുക്കു കൈകൾകൊണ്ട് തന്നെ ബന്ധിക്കണമെന്നും ജഡ്ജി ആർ രേഖ ഉത്തരവിട്ടു. ജീവപര്യന്തം തടവിനു പുറമേ 21 വർഷം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചു.
2023 ജൂലൈ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ കുട്ടി പ്രതിയുടെ വീട്ടിലും അമ്മുമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിലും ആയിട്ടാണ് താമസം. അച്ഛനോടൊപ്പം വീട്ടിൽ താമസിക്കാൻ നിന്ന ദിവസങ്ങളിൽ ആണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ ഫോൺ കാണിച്ചു തരാം എന്ന് പറഞ്ഞ് മുറിക്കുള്ളിൽ കൊണ്ടുപോയിട്ടാണ് പീഡനം നടത്തിയത് എന്ന് കുട്ടി മൊഴി നൽകി. പ്രതിയുടെ വിരലുകൾ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കടത്തിയതിനെ തുടർന്ന് ആ ഭാഗത്ത് പരിക്ക് പറ്റിയിരുന്നു.
സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി അമ്മൂമ്മയോട് പറഞ്ഞു. അമ്മൂമ്മ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടുകാർ വലിയതുറ പോലീസിൽ പരാതിപ്പെട്ടു. അച്ഛൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ മോശമായി പെരുമാറുമായിരുന്നു എന്ന് കുട്ടിയുടെ 15 വയസ്സുള്ള സഹോദരിയും മൊഴി നൽകിയിരുന്നു.
ഒന്നിൽ കൂടുതൽ തവണ കുട്ടിയെ പീഡിപ്പിച്ചു, പീഡിപ്പിക്കപ്പെട്ടത് 12 വയസ്സിന് താഴെയുള്ള കുട്ടി, കുട്ടിയെ സംരക്ഷിക്കേണ്ട ചുമതലയുള്ള അച്ഛൻ പീഡിപ്പിച്ചു എന്നീ മൂന്നു വകുപ്പുകൾ പ്രകാരമാണ് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ.അഖിലേഷ് ആർവൈ എന്നിവര്‍ ഹാജരായി. പോലീസ് ഉദ്യോഗസ്ഥരായ പൂന്തുറ എഎസ്ഐ ബീന ബീഗം, വലിയതുറ സിഐ രതീഷ് ജിഎസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
2024 മാർച്ച് 29ന് വിചാരണ ആരംഭിച്ച കേസ് ഒരു മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here