ബിജെപിയുടെക്രൈസ്തവ സ്‌നേഹം വോട്ടു തട്ടാന്‍ മാത്രം; കാരിത്താസ് ഇന്ത്യയുടെ FCRA ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സംഘപരിവാര്‍ സംഘടന; രാജ്യസുരക്ഷക്ക് അപകടമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

ഡല്‍ഹി: ബിജെപി ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്ക് പണി പലവിധത്തില്‍. കത്തോലിക്ക സഭയുടെ കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സംഘ പരിവാര്‍ ആഭിമുഖ്യമുള്ള ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം (എല്‍പിആര്‍എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഖനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് എല്‍പിആര്‍എഫിന്റെ ആരോപണം. ആര്‍എസ്എസിന്റ മുഖപത്രമായ ഓര്‍ഗനൈസറിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഖനി പ്രദേശങ്ങളില്‍ താമസിക്കുന്ന നാട്ടുകാരെ ഖനനത്തിനെതിരെ തിരിച്ചു വിടുകയും അവരെ ഉപയോഗിച്ച് സാമ്പത്തിക ഉപരോധത്തിന് ശ്രമിക്കുന്നുവെന്നാണ് മുഖ്യ ആരോപണം. വിദേശ സംഘടനയായ കാരിത്താസ് ഓസ്‌ട്രേലിയായില്‍ നിന്ന് കാരിത്താസ് ഇന്ത്യക്ക് വിദേശ സംഭാവനകള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. പ്രദേശവാസികളായ ആദിവാസികളുടേയും പാവപ്പെട്ടവരുടേയും ക്ഷേമ- ആതുരസേവന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് വിദേശ സംഭാവനകള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തിലുള്ള വിദേശ സംഭാവനകള്‍ തടയണമെന്നാണ് സംഘപരിവാര്‍ ആഭിമുഖ്യമുള്ള എല്‍പിആര്‍എഫിന്റെ പ്രധാന ആവശ്യം.
1962-ല്‍ സ്ഥാപിതമായ കാരിത്താസ് ഇന്ത്യ, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. പ്രധാനമായും ഗ്രാമീണ വികസനമാണ് സംഘടനയുടെ ലക്ഷ്യം. 200 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് കോണ്‍ഫെഡറേഷനില്‍പ്പെട്ട അംഗസംഘടനയാണ് കാരിത്താസ് ഇന്ത്യ. ഗ്രാമ പ്രദേശങ്ങളിലെ ജനതയുടെ ആരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളില്‍ സജീവമായി ഇടപെടുന്ന സംഘടനയുമാണ്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതാണ്ട് 20000ത്തിലധികം എന്‍ജിഒകളുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. ഇതില്‍ ബഹു ഭുരിപക്ഷവും വിവിധ സഭാ വിഭാഗങ്ങളിലെ ക്രിസ്ത്യന്‍ എന്‍ജിഒകളുടേതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here