എഫ്സിആര്‍എ ലൈസൻസ് പുതുക്കാനുള്ള കാലാവധി നീട്ടി, രാജ്യത്ത് നിലവിൽ 16301 സംഘടനകൾക്ക് വിദേശ സംഭാവന വാങ്ങാം
ഡൽഹി: സന്നദ്ധ സംഘടനകൾക്ക് വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള വിദേശനാണയ സംഭാവന നിയമ ( FCRA) പ്രകാരമുള്ള ലൈസൻസ് ജൂൺ 30 വരെ നീട്ടി നൽകി. മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിക്കുന്ന സംഘടനകൾക്കാണ് ഈ ഇളവ് അനുവദിച്ചത്. ലൈസൻസ് പുതുക്കി നല്കാനുള്ള അപേക്ഷകൾ ഈ സമയപരിധിക്കുള്ളിൽ സമർപ്പിക്കാനാവും.
സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എഫ്സി ആർ എ ലൈസൻസ് അനുവദിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. ഏപ്രിൽ ഒന്നിനും ജൂൺ 30 നുമിടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ സംഘടനകൾക്കും ജൂൺ 30 വരെ പുതിയ അപേക്ഷ നല്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്ത് നിലവിൽ 16,301 സന്നദ്ധ സംഘടനകൾക്ക് വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്സിആര്‍എ ലൈസൻസുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 6600 സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദ് ചെയ്തിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്ന 10 വർഷത്തിനിടയിൽ 20,693 സംഘടനകളുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്. പാർലമെൻ്റിൽ നൽകിയ രേഖകൾ പ്രകാരം 2019- 20, 2020-21 എന്നീ സാമ്പത്തിക വർഷങ്ങളിൽ 55, 741 കോടി രൂപ രാജ്യത്ത് എഫ്സിആര്‍എ ലൈസൻസുള്ള 13,520 സംഘടനകൾക്ക് ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here