കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ സംഘര്‍ഷം; റോപ് വേ വന്നാൽ ഉപജീവനം വെള്ളത്തിലാവുമെന്ന് നാട്ടുകാര്‍
ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ പദ്ധതിക്കെതിരെ പ്രാദേശവാസികൾ. ഉപജീവന മാർഗം നഷ്ടപ്പെടും എന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയരുന്നത്. ക്ഷേത്രത്തിലെ ട്രെക്കിംഗിനൊപ്പം ഒരു നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതി കൂടിയാണ് ക്ഷേത്ര ഭരണ സമിതി മുന്നോട്ടുവച്ചത്. ക്ഷേത്ര പരിസരത്തുള്ള കടയുടമകള്‍, കുതിരയെ ഉപയോഗിച്ച് ഉപജീവനം നടത്തുന്നവർ, ചുമട്ട് തൊഴിലാളികൾ എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്.
ഇന്ന് കത്ര ബേസ് ക്യാമ്പിൽ പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പദ്ധതി പൂർണമായി പിൻവലിക്കുകയോ അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കത്രയിൽ റോപ്‌വേ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന്ഷോപ്പ്കീപ്പേഴ്‌സ് അസോസിയേഷൻ നേതാവ് പ്രഭാത് സിംഗ് പറഞ്ഞു. മൂന്ന് വർഷമായി ഇതിനെതിരെ പോരാടുകയാണെന്നും നടപ്പാക്കില്ലെന്ന് മുൻകാലങ്ങളിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നൂറു കണക്കിന് ആളുകളാണ് സമരത്തിന് പിന്തുണയുമായി ഇന്ന് രംഗത്തിറങ്ങിയത്.
പ്രതിഷേധ സ്ഥലത്തുകൂടി കടന്നുപോകാൻ ശ്രമിച്ച സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വാഹനത്തെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ വാഹനത്തിൻ്റെ ചില്ല് തകർക്കുകയും പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും നേരെ കല്ലേറിയുകയുമായിരുന്നു. തുടർന്ന് പ്രതിഷേധക്കാർക്കെതിരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
താരകോട്ട് മാർഗിനെ സഞ്ജി ഛാട്ടുമായി ബന്ധിപ്പിക്കുന്ന പാസഞ്ചർ റോപ്‌വേ പദ്ധതിക്ക് 250 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രീ മാതാ വൈഷ്ണോ ദേവി ദേവാലയ ബോർഡ് ഉറപ്പിച്ചതോടെയാണ് കത്രയിൽ പ്രതിഷേധം നടന്നത്. 2.4 കി.മീ നീളമുള്ള റോപ് വേ മണിക്കുറുകള്‍ എടുക്കുന്ന സഞ്ചാര സമയം ആറ് മിനിറ്റായി ചുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ പ്രതിവർഷം 80 ലക്ഷത്തിലധികം തീർത്ഥാടകരാണ് സന്ദർശനത്തിനായി എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here