ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയ്ക്ക് സസ്പെന്‍ഷന്‍; എം.ജി.സാബുവിന് എതിരെയുള്ള നടപടി വിരമിക്കാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ; നിര്‍ദേശം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്തു. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.
വിരുന്നിൽ പങ്കെടുത്ത മറ്റു മൂന്നു പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്.
ഈ മാസം 31ന് വിരമിക്കാനിരിക്കേയാണ് സസ്പെന്‍ഷന്‍ വന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എസ്‌ഐയും സംഘവും ഫൈസലിന്റെ വീട്ടിൽ എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും പിന്നാലെ നടപടി വരുകയുമായിരുന്നു.
ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷന്‍ പോലീസ് നടത്തുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ സംഘടിപ്പിച്ച വിരുന്നിൽ അതിഥിയായി എത്തിയത്. പൊലീസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവമായതോടെയാണ് ഡിവൈഎസ്പിയെയും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here