കുട്ടികളെ പിഴിയുന്ന സ്കൂളുകൾക്കൊരു പാഠം; ഫീസെന്ന പേരിൽ വാങ്ങിയ 38 കോടി തിരിച്ചടയ്ക്കാൻ ജബൽപൂരിലെ നാലു സ്കൂളുകൾക്ക് നിർദേശം

വിദ്യാർത്ഥികളിൽ നിന്ന് അമിതഫീസ് ഈടാക്കിയ നാല് സ്വകാര്യ സ്കൂളുകൾ 38 കോടി രൂപ തിരിച്ച് നൽകാൻ മധ്യപ്രദേശിലെ ജബൽപൂർ ജില്ലാ ഭരണകൂടം ഉത്തരവായി. ഇക്കൂട്ടത്തിൽ രണ്ട് ക്രിസ്ത്യൻ സ്കൂളുകളുമുണ്ട്. ഇതിനും പുറമെ രണ്ട് ലക്ഷം രൂപ പിഴയും സ്ഥാപനങ്ങൾക്ക് ചുമത്തിയിട്ടുണ്ട്.

2018-2019 മുതൽ 2023-2024 വരെയുള്ള കാലയളവിൽ കുട്ടികളിൽ നിന്ന് ഈ മാനേജ് മെൻ്റുകൾ അന്യായമായ ഫീസ് പിരിച്ചുവെന്ന രക്ഷകർത്താക്കളുടെ പരാതി അന്വേഷിക്കാൻ ജില്ലാ കലക്ടർ കമ്മറ്റിയെ നിയമിച്ചിരുന്നു. അഞ്ച് വർഷക്കാലയളവിൽ 63,000 കുട്ടികളിൽ നിന്ന് ഈടാക്കിയ അമിത ഫീസായ 38.9 കോടി രൂപ 30 ദിവസത്തിനുള്ളിൽ തിരിച്ചു പിടിക്കണമെന്നാണ് കമ്മറ്റിയുടെ ശുപാർശ. ജില്ലാ കലക്ടർ ദീപക് സക്സേനയുടെ നേതൃത്വത്തിലാണ് കമ്മറ്റി അന്വേഷണം നടത്തിയത്.

മധ്യപ്രദേശിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് പിരിക്കാനുള്ള നിയമത്തിൻ്റെ (Madhya Pradesh Private Schools (Fee and Related Matters Regulation) Act 2017 and 2020) നഗ്നമായ ലംഘനം നടന്നതായി അന്വേഷണ സമിതി കണ്ടെത്തി. ഇതിനും പുറമെ മറ്റ് നിയമ ലംഘനങ്ങൾക്കാണ് രണ്ട് ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ഫീസ് നിരക്ക് വർദ്ധിപ്പിച്ചതിന് ന്യായീകരണം ഇല്ലെന്നും അമിത ഫീസിനത്തിൽ വാങ്ങിയ 38.9 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കാനും ഉത്തരവായി.

സെൻ്റ് ജോസഫ് കോൺവെൻ്റ് ഗേൾസ് സീനിയർ സെക്കണ്ടറി സ്കൂൾ, ഗബ്രിയേൽ ഹയർ സെക്കണ്ടറി സ്കൂൾ, ഡൽഹി പബ്ളിക് സ്കൂൾ, റോയൽ സീനിയർ സെക്കണ്ടറി സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് നടപടിക്ക് വിധേയരായത്. ഇതിനും പുറമെ മറ്റ് 24 സ്കൂളുകൾ ഈടാക്കിയ 219 കോടി രൂപയും തിരിച്ചു പിടിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്ന് ജില്ലാ കലക്ടർ ദീപക് സക്സേന പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പണം തിരിച്ച് അടപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top