പിവിആറിനെതിരെ തുറന്നപോര് പ്രഖ്യാപിച്ച് ഫെഫ്ക; അന്യായമായി പ്രദർശനം നിർത്തിയതിന് നഷ്ടപരിഹാരം വേണം; തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: മലയാള സിനിമയുടെ പ്രദർശനം നിർത്തിവച്ച പിവിആർ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഫെഫ്ക. പ്രദര്‍ശനം മുടക്കിയ ദിവസങ്ങളിലെ നഷ്ടം നികത്താതെ ഇനി മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഫ്ക നേതൃത്വം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നഷ്ടം നികത്താൻ തയ്യാറില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും. അതിനായി തെരുവിലിറങ്ങാനും മടിക്കില്ലെന്ന് ഫെഫ്ക ചെയർമാൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഏകപക്ഷീയമായി തീരുമാനിച്ചാണ് പിവിആർ പ്രദർശനം നിർത്തിയത്. ഏറ്റവും ജനാധിപത്യപരമായി രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാളികൾ. ആ വിശ്വാസത്തെയാണ് ചൂഷണം ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
പ്രദർശനം നിർത്തിയതോടെ കോടികളുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടായത്. അത് കണക്കാക്കി നഷ്ടപരിഹാരം നൽകണം. അതല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
വെർച്വൽ പ്രിൻറ് ഫീയുമായി ബന്ധപ്പെട്ടാണ് പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ തർക്കമുണ്ടായത്. ഇതേ തുടർന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് പിവിആര്‍ ഇന്നലെ ബഹിഷ്‌കരിച്ചിരുന്നു. ഇതിലാണ് ഫെഫ്ക നിലപാട് കടുപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here