മലയാള സിനിമ ഒന്നടങ്കം ഫെഫ്ക സംഗമത്തിൽ; സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി; ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹൻലാലും
കൊച്ചി: സിനിമ പ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മയായി ഫെഫ്ക തൊഴിലാളി സംഗമം. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സംഗമം നടന്നത്. സിനിമാ മേഖലയിലെ 21 സംഘടനകളില്‍ നിന്നായി ഏഴായിരത്തോളം അംഗങ്ങളാണ് ഇന്ന് നടന്ന സംഗമത്തില്‍ പങ്കെടുത്തത്.
തൊള്ളായിരം പേരിൽ നിന്ന് തുടങ്ങിയ സംഘടനയിൽ ഇപ്പോൾ ഏഴായിരത്തിലധികം അംഗങ്ങളുണ്ടെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന ഫെഫ്കയുടെ വളർച്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അംഗങ്ങള്‍ക്കായി ഫെഫ്ക നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിക്കും ഇന്ന് തുടക്കം കുറിച്ചു. മൂവായിരം രൂപയടച്ച് ഓരോ അംഗവും പദ്ധതിയില്‍ ചേരുമ്പോള്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കും. കുടുംബാംഗങ്ങളെയും അംഗമാക്കാം. ഇന്‍ഷുറന്‍സ് കമ്പനികളുടെ നൂലാമാലകള്‍ ഒഴിവാക്കി ആശുപത്രി ബില്‍ നല്‍കിയാല്‍ ഉടന്‍ അക്കൗണ്ടില്‍ പണം എത്തുന്നതാണ് പുതിയ പദ്ധതി. മുഖ്യധാരാ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ ഫണ്ട് സ്വരൂപിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. ട്രേഡ് യൂണിയന്‍ രംഗത്ത് ഇത്ര വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആവിഷ്‌കരിക്കുന്നത്.
മോഹന്‍ലാലിന് ചടങ്ങില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വം നല്‍കി. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ്ണ അവധി നല്‍കിയാണ് ഇന്ന് തൊഴിലാളി സംഗമം നടത്തിയത്.