ഫെഫ്ക തൊഴിലാളി സംഗമം നാളെ കൊച്ചിയില്‍; അംഗങ്ങൾക്കായുള്ള ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമാകും

കൊച്ചി: സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ തൊഴിലാളി സംഗമം നാളെ കൊച്ചിയിൽ. അംഗങ്ങൾക്കായി നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ചടങ്ങിൽ തുടക്കം കുറിക്കും. കഴിഞ്ഞ മാര്‍ച്ച് 15ന് മന്ത്രി പി.രാജീവാണ് തൊഴിലാളി സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ സുരക്ഷാ പദ്ധതി ദേശീയതലത്തിൽ മാതൃകയാകുമെന്ന് മന്ത്രി പ്രശംസിച്ചിരുന്നു.

ട്രേഡ് യൂണിയന്‍ രംഗത്ത് ഇത്ര വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആവിഷ്‌കരിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യധാരാ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ ഫണ്ട് സ്വരൂപിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും.

മൂവായിരം രൂപയടച്ച് ഓരോ അംഗവും പദ്ധതിയിൽ ചേരുമ്പോള്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കും. കുടുംബാംഗങ്ങളേയും അംഗമാക്കാം. ഓരോരുത്തര്‍ക്കും മൂവായിരം രൂപ വീതമാണ് അടയ്‌ക്കേണ്ടത്. അതനുനുസരിച്ച് ഇന്‍ഷുറന്‍സ് തുക 50,000 രൂപ വീതം കൂടും. ഇന്‍ഷുറന്‍സ് കമ്പനികളുടെ നൂലാമാലകള്‍ ഒഴിവാക്കി ആശുപത്രി ബില്‍ നല്‍കിയാല്‍ ഉടന്‍ അക്കൗണ്ടില്‍ പണം എത്തുന്നതാണ് പുതിയ പദ്ധതി.

Logo
X
Top