രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഫെഫ്ക; താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാധ്യത തീര്‍ത്തു
കൊച്ചി: മലയാള സിനിമയ്ക്ക് എന്നും ഓര്‍ക്കാന്‍ ഒരുപിടി നല്ല പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് രവീന്ദ്രന്‍ മാസ്റ്റർ. അദ്ദേഹം വിടവാങ്ങിയപ്പോള്‍ പ്രതിസന്ധിയിലായ ഭാര്യ ശോഭയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. താമസിച്ചിരുന്ന ഫ്ലാറ്റിന്‍മേലുള്ള 12 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ശോഭ. ബാധ്യതകള്‍ തീര്‍ക്കാന്‍ ഫ്ലാറ്റ് വില്‍ക്കുക എന്ന തീരുമാനത്തിലായിരുന്നു. ഈ ദുരവസ്ഥയറിഞ്ഞാണ് ഫെഫ്കയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. എല്ലാ കട ബാധ്യതകളും തീര്‍ത്ത് ഫ്ലാറ്റ് തിരികെനല്‍കിയിരിക്കുന്നത്. ഗായകരുടെ കൂട്ടായ്മയായ സമം, ഗായകരായ യേശുദാസ്,.ചിത്ര, ജോണി സാഗരിക എന്നിവരുടെ സംഭാവനകളിലൂടെയാണ് ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിഞ്ഞതെന്ന് ഫെഫ്ക ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചതിയെ തുടര്‍ന്നാണ് ശോഭ പ്രതിസന്ധിയിലായത്. ഒന്‍പതു വര്‍ഷം മുന്‍പ് രവീന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം അനുസ്മരണാര്‍ത്ഥം ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് വാഗ്ദാനം ചെയ്തു. ഇതേത്തുടര്‍ന്നാണ് ശോഭ പ്രമുഖ ഗായകരെയും അഭിനേതാക്കളെയും സംഗീതജ്ഞരെയും പരിപാടിയിലേക്ക് ക്ഷണിച്ചത്. യേശുദാസും കെ.എസ്. ചിത്രയും ഉള്‍പ്പടെ നിരവധി പ്രമുഖ ഗായകര്‍ പ്രതിഫലം വാങ്ങാതെ പരിപാടിയില്‍ പാട്ടുകള്‍ ആലപിക്കുകയും ചെയ്തു. പരിപാടിക്കുള്ള ഗ്രൗണ്ട് പോലും സൗജന്യമായാണ് ലഭിച്ചത്. പരിപാടിയില്‍ വെച്ചുതന്നെ സ്‌പോണ്‍സര്‍മാരായ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഫ്ലാറ്റിന്റെ താക്കോല്‍ ശോഭയ്ക്ക് കൈമാറി. പരിപാടിയുടെ സംപ്രക്ഷണാവകാശം ഒരു സ്വകാര്യ ചാനലിന് 56 ലക്ഷം രൂപയ്ക്ക് വിറ്റു.
ഒന്നര കോടിയിലേറെ ലാഭമാണ് പരിപാടിയിലൂടെ സംഘാടകര്‍ ഉണ്ടാക്കിയത്. എന്നാല്‍ മൂന്ന് ലക്ഷം രൂപയാണ് ശോഭയ്ക്ക് കൈമാറിയത്. കിട്ടിയ ഫ്ലാറ്റിന് വൈദ്യുത കണക്ഷന്‍ പോലും ഉണ്ടായിരുന്നില്ല. ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് തയ്യാറായതുമായില്ല. ബാക്കി തുകയ്ക്കായി സംഘാടകരെ സമീപിച്ചെങ്കിലും അവരും സഹകരിച്ചില്ല. ക്രിസ്റ്റല്‍ ഗ്രൂപ്പ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഓരോ ഫ്ലാറ്റിനും 6 ലക്ഷം രൂപ വീതം വായ്പ എടുത്തതായി പിന്നീടാണ് ശോഭയറിഞ്ഞത്. വായ്പയും അറ്റകുറ്റപണി നടത്തിയതുമുള്‍പ്പെടെ 12 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ കഴിയാതെ ഫ്ലാറ്റ് വില്‍ക്കുക എന്ന തീരുമാനത്തിലെത്തിയത്. ഇതറിഞ്ഞാണ് ഫെഫ്ക കൈത്താങ്ങായി എത്തിയിരിക്കുന്നത്.