സിനിമയിൽ എല്ലാവർക്കും ആരോഗ്യ സുരക്ഷ; ട്രേഡ് യൂണിയനുകൾക്കൊരു ‘ഫെഫ്ക മാതൃക’
കൊച്ചി : ചലച്ചിത്ര പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷക്കുള്ള വിപുലമായ പദ്ധതിയുമായി ഫെഫ്ക (FEFKA). മുഖ്യധാരാ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ ഫണ്ട് സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം 27ന് കൊച്ചിയില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ പദ്ധതി പ്രഖ്യാപിക്കും. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും. ട്രേഡ് യൂണിയന്‍ രംഗത്ത് ഇത്ര വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആവിഷ്‌കരിക്കുന്നതെന്ന് ഫെഫ്ക ചെയർമാൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
മൂവായിരം രൂപയടച്ച് ഓരോ അംഗവും പദ്ധതിയിൽ ചേരുമ്പോള്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കും. കുടുംബാങ്ങളേയും അംഗമാക്കാം. ഓരോരുത്തര്‍ക്കും മൂവായിരം രൂപ വീതമാണ് അടയ്‌ക്കേണ്ടത്. അതനുനുസരിച്ച് ഇന്‍ഷുറന്‍സ് തുക 50,000 രൂപ വീതം കൂടും. ഇന്‍ഷുറന്‍സ് കമ്പനികളുടെ നൂലാമാലകള്‍ ഒഴിവാക്കി ആശുപത്രി ബില്‍ നല്‍കിയാല്‍ ഉടന്‍ അക്കൗണ്ടില്‍ പണം എത്തുന്നതാണ് പുതിയ പദ്ധതി.
21 സംഘടനകളിലായി ആയിരത്തിലധികം പേരാണ് ഫെഫ്കയുടെ കുടക്കീഴിൽ വരുന്നത്. ഡയറക്ടേഴ്‌സ്, മ്യൂസിക് ഡയറക്ടേഴ്‌സ്, ടെക്ക്‌നീഷ്യന്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങി സിനിമയിലെ സമസ്ത മേഖലയിലുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. ഇവർക്കെല്ലാം പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സിനിമയിലെ പ്രമുഖരെല്ലാം പിന്തുണ അറിയിച്ചുണ്ട്.