ഫെഫ്കയുടെ മുന്നറിയിപ്പിൽ വഴങ്ങി പിവിആര്‍; സിനിമ തര്‍ക്കം പരിഹരിച്ചു; മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ധാരണയായി

കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന തീരുമാനത്തിൽ പിന്ന് പിന്മാറി പിവിആര്‍ ഗ്രൂപ്പ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഫെഫ്ക നേതൃത്വത്തിൻ്റെ താക്കീതിന് പിന്നാലെയാണ് കോർപറേറ്റ് തീയറ്റര്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് തയാറായത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു. മലയാള സിനിമകള്‍ വീണ്ടും പ്രദര്‍ശനം തുടങ്ങാമെന്ന് ധാരണയായി.
വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ടാണ് പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ഇന്നലെ മുതല്‍ പിവിആര്‍ നിർത്തിവയ്ക്കുകയായിരുന്നു. ഈ ഏകപക്ഷീയ നടപടിക്കെതിരെയാണ് ഫെഫ്ക നിലപാട് കടുപ്പിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഇടപെട്ടാണ് ഉടനടി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
രാജ്യവ്യാപകമായി മലയാള ചിത്രങ്ങളുടെ പ്രദർശനം പിവിആര്‍ നിര്‍ത്തിയതോടെ കോടികളുടെ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായത്. പ്രദര്‍ശനം മുടക്കിയ ദിവസങ്ങളിലെ നഷ്ടം നികത്താതെ ഇനി മലയാള സിനിമകളൊന്നും പിവിആറിന് നൽകില്ലെന്ന് തിരിച്ചടിച്ചാണ് ഫെഫ്ക നിലപാട് പ്രഖ്യാപിച്ചത്. ഉച്ചയോടെ വാർത്താസമ്മേളനം വിളിച്ചാണ് ബി.ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ പിവിആറിന് മുന്നറിയിപ്പ് നൽകിയത്. മലയാള സിനിമകളുടെ നഷ്ടം നികത്താന്‍ തയ്യാറില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും. അതിനായി തെരുവിലിറങ്ങാനും മടിക്കില്ല എന്നായിരുന്നു ഫെഫ്ക ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍ പ്രഖ്യാപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here