ടെലിവിഷൻ തൊഴിലാളികളുടെ വേതനവ്യവസ്ഥകൾ ഉറപ്പാക്കാനുള്ള കരാർ ഇന്ന് മുതൽ; ലക്ഷ്യം സിനിമക്ക് സമാന ക്ഷേമപദ്ധതികളെന്ന് ഫെഫ്ക

സിനിമയിലെ മാതൃകയിൽ ടെലിവിഷൻ രംഗത്തെ തൊഴിലാളികൾക്ക് വേതന വ്യവസ്ഥകൾ ചിട്ടപ്പെടുത്താനുള്ള കരാർ ഇന്ന് നിലവിൽ വരും. സിനിമയിലെ തൊഴിലാളി കൂട്ടായ്മയായ ഫെഫ്ക മുൻകൈയ്യെടുത്ത് രൂപീകരിച്ച മലയാളം ഡിജിറ്റൽ ആൻഡ് ടെലിവിഷൻ എംപ്ലോയീസ് യൂണിയനു (എംഡിടിവി) വേണ്ടി ഫെഫ്ക നേതൃത്വവും, ടെലിവിഷനിലെ നിർമ്മാതാക്കളുടെ സംഘടനയും തമ്മിലാണ് കരാർ ഒപ്പിടുന്നത്. കുറഞ്ഞ വേതനം അടക്കം കാര്യങ്ങളിൽ ഇനി കൃത്യമായ വ്യവസ്ഥ ഉണ്ടാകും.

ടെലിവിഷൻ രംഗത്ത് അസംഘടിതരായിരുന്ന തൊഴിലാളികളെ ചേർത്ത് കഴിഞ്ഞ വർഷം ജൂണിലാണ് ഫെഫ്ക സംഘടന രൂപീകരിച്ചത്. ടെലിവിഷൻ രംഗത്തെ നടീനടന്മാരുടെ സംഘടനക്ക് നേതൃത്വം നൽകുന്ന കെബി ഗണേഷ് കുമാർ ആണ് പുതിയ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചത്. സീരിയലുകൾ അടക്കം ടെലിവിഷൻ പരിപാടികളുടെ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന രണ്ടായിരത്തോളം പേരാണ് നിലവിൽ സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.

സിനിമയിലേതിന് തുല്യമായ ക്ഷേമപദ്ധതികളും വേതന വ്യവസ്ഥകളും ടെലിവിഷൻ രംഗത്തും തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിലേക്കുള്ള ആദ്യപടിയാകും ഇന്ന് ഒപ്പിടുന്ന കരാർ എന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികളെ ഒന്നിച്ചുകൂട്ടി 2008ൽ രൂപീകരിച്ച ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) സിനിമയിൽ ഇന്ന് നിർണായക ശക്തിയാണ്. തൊഴിൽ തർക്കങ്ങൾ അടക്കം വിഷയങ്ങളിൽ സജീവമായി ഇടപെടാനും വേതന വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ ഫെഫ്കക്ക് കഴിയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top