ഫെലോഷിപ്പ് മുടങ്ങിയിട്ട് മാസങ്ങൾ; ജീവിതം വഴിമുട്ടി പട്ടികജാതി-പട്ടികവർഗ ഗവേഷകർ

തിരുവനന്തപുരം: ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി ഒടുവിൽ ഗവേഷണത്തിന് എത്തിയ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള ജീവിതത്തിന് വിലങ്ങുതടിയാവുകയാണ് മുടങ്ങി കിടക്കുന്ന ഫെലോഷിപ്പ്. കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന 350 ഓളം വരുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്.

ഒരു വർഷത്തോളമായി പലർക്കും ഫെലോഷിപ്പ് തുക ലഭിച്ചിട്ടില്ല. സംസ്ഥാന എസ് സി – എസ് ടി ഡയറക്ടറേറ്റാണ് തുക അനുവദിക്കുന്നത്. താമസം, ഭക്ഷണം, പഠന ചെലവ് എന്നിവയെല്ലാം നടത്തേണ്ടത് പ്രതിമാസം ലഭിക്കുന്ന 23,250 രൂപയിൽ നിന്നാണ്. ഇത് മുടങ്ങിയതോടെ പലരും ഗവേഷണം തൽക്കാലം നിർത്തി മറ്റ് ജോലികൾ ചെയ്യേണ്ട ഗതികേടിലാണ്. മുഴുവൻ സമയം ഗവേഷണം നടത്തുമ്പോൾ മറ്റ് ജോലികൾ ചെയ്യാൻ കഴിയില്ല. തുക മുടങ്ങിയാൽ പഠനത്തിന് സഹായം നൽകാൻ കഴിയുന്ന അവസ്ഥയിലല്ല മിക്ക കുടുംബങ്ങളും, എന്ന് മാത്രമല്ല പലരുടെയും കുടുംബം കഴിയുന്നത് തന്നെ ഈ വരുമാനം കൊണ്ടാണ്. ഫെലോഷിപ്പ് മുടങ്ങിയതോടെ പല കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയാണ് താളം തെറ്റിയത്.

ഫീൽഡ് വർക്ക് വേണ്ട ഗവേഷകരുടെ കാര്യം ഇതിലും കഷ്ടമാണ്. ചില പഠനങ്ങൾ പ്രത്യേക സമയത്ത് മാത്രമേ നടക്കുകയുള്ളൂ. വേണ്ട സമയത്ത് പണമില്ലാതെ വരുമ്പോൾ അത് നടക്കില്ല അതോടെ പ്രബന്ധങ്ങൾ പൂർത്തിയാക്കാനും സമർപ്പിക്കാനും വൈകും. ഗവേഷണം ഉപേക്ഷിക്കേണ്ട അവസ്ഥക്ക് തന്നെ ഇത് കാരണമാകാം.

1987 -91 കാലഘട്ടത്തിൽ പി കെ രാഘവൻ പട്ടികജാതി-പട്ടികവർഗ മന്ത്രിയായിരുന്ന കാലത്താണ് യു ജി സിക്ക് തുല്യമായ തുക ഫെലോഷിപ്പ് നൽകാൻ ഉത്തരവിറക്കിയത്. പിന്നീട് ഇത് യു ജി സി തുകയുടെ 75 ശതമാനമാക്കി. എല്ലാ മാസവും കൃത്യമായ ഒരു ദിവസം തുക നൽകണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞാലും പണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോളുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top