മാധ്യമവേട്ടയുമായി രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയും; തെലങ്കാനയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍

മോദി സര്‍ക്കാരിന്റെ മാധ്യമ വേട്ടക്കെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും മാധ്യമ വേട്ട. മുഖ്യന്ത്രിക്കെതിരെ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രണ്ട് വനിത മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അകത്താക്കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത യൂട്യൂബ് ചാനലില്‍ കൊടുത്തു എന്നാരോപിച്ചാണ് രേവതി പൊഗദാദന്തയേയും സഹപ്രവര്‍ത്തകയായ തന്‍വി യാദവിനേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിനെക്കുറിച്ച് കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യൂട്യൂബ് ചാനലില്‍ എഡിറ്ററായ രേവതി വീഡിയോ പങ്കുവെച്ചതാണ് അറസ്റ്റിന് കാരണം. ഈ യൂട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീല്‍ ചെയ്തു. രേവതിയുടെയും ഭര്‍ത്താവ് ചൈതന്യയുടെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയാണ് പൊലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയും രേവതി പങ്കുവെച്ചിരുന്നു. പൊലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.

മധ്യവയസ്‌കനും കര്‍ഷകനുമായ ഒരാള്‍ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് സര്‍ക്കാറിനും എതിരെ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ എക്‌സില്‍ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്ത എക്‌സ് യൂസര്‍ക്കും, മാധ്യമപ്രവര്‍ത്തര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
രാജ്യമൊട്ടാകെ ജനങ്ങളുടെ ശബ്ദങ്ങള്‍ നിശബ്ദമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സദാ സമയവും പറയുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയില്‍പ്പെട്ട മുഖ്യമന്ത്രിയാണ് തനിക്കെതിരെ വാര്‍ത്ത നല്‍കിയ രണ്ട് മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ചത്. മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതില്‍ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകളാണിതെല്ലാം. ജനകീയ ശബ്ദങ്ങള്‍ ഉച്ചത്തില്‍ പറയാനുള്ള അവകാശത്തിന് വേണ്ടിയാണ് താന്‍ ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് അവകാശപ്പെട്ട നേതാവിന്റെ പാര്‍ട്ടിയാണ് ഈ ഭീകരത നടത്തുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ തെലങ്കാനയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here