തടവുകാർ ഗർഭിണികളാകുന്നു; അതീവ ഗുരുതരമെന്ന് കൽക്കട്ട ഹൈക്കോടതി; പുരുഷ ഉദ്യോഗസ്ഥർ ജയിലിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ഹർജി

കൊൽക്കത്ത: ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകൾ ഗർഭിണികളാകുന്നുവെന്ന വിഷയത്തിൽ ഗൗരവമായി ഇടപെട്ട് കൽക്കട്ട ഹൈക്കോടതി. ഇക്കാര്യം വെളിപ്പെടുത്തുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ക്രിമിനൽ കുറ്റങ്ങൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിൽ പരിഗണിക്കാനായി മാറ്റി. പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങൾ അമ്മമാരോടൊപ്പം കഴിയുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും, സ്ത്രീകൾ തടവുകാരായി ജയിലിൽ എത്തിയ ശേഷം ഗർഭംധരിച്ച് ഉണ്ടായവരാണ്. ഇത് പരിഗണിച്ച് പുരുഷ ജീവനക്കാരുടെ ജയിലിലേക്കുള്ള പ്രവേശനം തടയണമെന്ന ഹർജിയും അമിക്കസ് ക്യൂറി സമർപ്പിച്ചിട്ടുണ്ട്.
ജയിലുകൾക്കായുള്ള അമിക്കസ് ക്യൂറി മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ജയിൽ സന്ദർശിച്ചപ്പോൾ ഒരു ഗർഭിണിയെയും 15 കുഞ്ഞുങ്ങളെയും കണ്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് ജയിലുകളിൽ പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ കുട്ടികളെയും ഗർഭിണികളെയും കണ്ടത്തിയത്. ഗുരുതരമായ പ്രശ്നമാണ് അമിക്കസ്ക്യൂറി ഉന്നയിച്ചിരിക്കുന്നതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി എസ് ശിവഗ്നാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ കുറ്റങ്ങൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here