സർക്കാർ ആപ്പിനെതിരെ തീയേറ്റർ ഉടമകള്‍; ‘എൻ്റെ ഷോ’യുമായി സഹകരിക്കില്ല; പണം വക മാറ്റുമോയെന്നും ആശങ്ക

കൊച്ചി: സർക്കാർ ആരംഭിക്കുന്ന ഇ-ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ‘എൻ്റെ ഷോ’ ആപ്പിനെതിരെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സർക്കാർ ആപ്പുമായും വെബ്സൈറ്റുമായും സഹകരിക്കില്ലെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ ഫിയോക് അറിയിച്ചു. ഏത് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തീയേറ്ററിൽ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടത്. ആദ്യം സർക്കാർ തിയേറ്ററുകളിൽ ആപ്പ് സംവിധാനം പരീഷണാടിസ്ഥാനത്തിൽ നടപ്പാക്കട്ടെ. ആറുമാസം കാര്യക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ലെന്നും ഫിയോക് കുറ്റപ്പെടുത്തി.

“ടിക്കറ്റിന്റെ സർവീസിനായി ഏജൻസിയെ ചുമതലപ്പെടുത്തുമ്പോൾ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തീയേറ്റർ ഉടമകൾക്ക് പങ്കുവരുന്നത്. അതിൽ നിന്നാണ് ഞങ്ങൾ വിതരണക്കാർക്കും നിർമാതാക്കൾക്കും പണം നൽകുന്നത്. അങ്ങനെയൊരു സംവിധാനത്തോട് താൽപര്യമില്ല. അത് നടപ്പാക്കാൻ സമ്മതിക്കുകയില്ല. ഞങ്ങൾ കൃത്യമായി ആഴ്ചതോറും ഷെയർ നൽകുന്നുണ്ട്. ഇവരുടെ കണ്ണിൽ തീയേറ്ററുടമകൾ വലിയ പണക്കാരാണ്. തൽക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെഎസ്ആർടിസിയ്ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല”- തീയേറ്റർ ഉടമകൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്ക്കാലത്ത് സർക്കാർ തീയേറ്റർ ഉടമകളെ അവഗണിച്ചെന്നും ഫിയോക് ആരോപണമുന്നയിച്ചു. കോവിഡ്ക്കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തീയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ അറിയിച്ചതാണ്. സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തീയേറ്റർ മുന്നോട്ട് കൊണ്ടുപോകുന്നത്. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ 20 മാസത്തോളം തീയേറ്റർ ഉടമകൾ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നിട്ടും ആരും ഒന്നും ചെയ്തില്ലെന്നും ഫിയോക് പറഞ്ഞു.

അടുത്ത വർഷം ജനുവരി ഒന്ന് മുതൽ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി ‘എന്റെ ഷോ’ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തീയേറ്റർ ഉടമകൾക്കും നിർമാതാക്കൾക്കും ലഭിക്കുമെന്നാണ് സർക്കാർ അവകാശവാദം. നിലവിലെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർക്കാർ പുതിയ ആപ്പ് വികസിപ്പിച്ചത്. ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിൽ നിന്നും 35 രൂപയാണ് ചാർജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്.’എന്റെ ഷോ’ ആപ്പ് ലോഞ്ചാവുന്നതിലൂടെ ഈ നഷ്ടം നികത്താവുമെന്നാണ് സർക്കാർ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top