ആശങ്കയോടെ ആരാധകർ; ബ്രസീൽ ഫുട്ബോൾ ടീമിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്

റിയോ ഡി ജനീറോ: 2024-ൽ അമേരിക്കയിൽ ആരംഭിക്കുന്ന കോപ അമേരിക്ക ടൂർണമെൻ്റിൽ ബ്രസീലിന് കളിക്കാനാകുമോയെന്ന ആശങ്കയിൽ ആരാധകർ. ബ്രസീൽ ഫുട്ബോൾ ടീമിനെയും രാജ്യത്തെ ക്ലബുകളെയും വിലക്കുമെന്ന താക്കീത് നൽകിയിരിക്കുയാണ് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. ഫിഫയുടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് മേൽ ബ്രസീൽ സർക്കാരും കോടതിയും കടന്നുകയറ്റം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

സംഘടനാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടർന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ അധ്യക്ഷനായിരുന്ന എഡ്നാൾഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയിരുന്നു. റിയോ ഡി ജനീറോയിലെ കീഴ്ക്കോടതി ഉത്തരവ് മേൽക്കോടതി ശരിവെക്കുകയും ചെയ്തു.

സർക്കാറിന്റെയും കോടതിയുടെയും ഇടപെടൽ ഫിഫ നിയമങ്ങൾ മറികടന്നാണെന്നും റോഡ്രിഗസിനെ വീണ്ടും അധ്യക്ഷനാക്കണമെന്നുമാണ് ഫിഫയുടെ ആവശ്യം. റോഡ്രിഗസിനെ തിരിച്ചെടുത്തില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരുമെന്നാണ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഫിഫ അംഗ രാജ്യങ്ങളുടെ ഫുട്‌ബോൾ ബോഡിയിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽ പാടില്ലെന്നാണ് ഫിഫ നിയമം. കോടതി ഉത്തരവ് പ്രകാരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫുട്ബോൾ ഫെഡറേഷന് ഫിഫ കത്തയച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top