മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അഞ്ചാം പ്രതി അറസ്റ്റിൽ
മണിപ്പൂരിൽ കുക്കി യുവതികള്‍ക്കെതിരായ ലെെംഗികാതിക്രമത്തില്‍ അഞ്ചാം പ്രതി അറസ്റ്റില്‍. 19 കാരനായ യുംലെംബം നുങ്‌സിതോയ് മേത്തി ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അറസ്റ്റിലായ നാല് പ്രതികളെ വെള്ളിയാഴ്ച 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
നേരത്തെ പിടിയിലായ നാല് പ്രതികള്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രധാന പ്രതിയും മുഖ്യസൂത്രധാരനുമായ ഹെര്‍ദാസ് (32) എന്നയാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ബുധനാഴ്ചയാണ് മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കുക്കി വിഭാഗക്കാരായ യുവതികളെ നഗ്നരാക്കി പരേഡ് ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായും ആരോപണം ഉയർന്നിരുന്നു.
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡീജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയത്.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎസ്എ) ഇടതുപക്ഷ സംഘടനകളും വെള്ളിയാഴ്ച ജന്തർ മന്ദറിൽ മുന്നില്‍ പ്രതിഷേധിച്ചു. ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ചും പ്രതിഷേധത്തില്‍ പങ്കെടുത്തു.
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി, മണിപ്പൂരിലെ അക്രമങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തുക, സംസ്ഥാനത്തിന് സമാധാനവും നീതിയും സ്ഥാപിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് മണിപ്പൂർ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ അക്രമങ്ങളെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ സ്ഥിരീകരിക്കാന്‍ ഹെല്‍പ്പ് ലെെന്‍ നമ്പർ സർക്കാർ പുറത്തുവിട്ടു. അക്രമികള്‍ കെെക്കലാക്കിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസിനോ അടുത്തുള്ള സുരക്ഷാ സേനയ്‌ക്കോ തിരികെ നൽകണമെന്നും സംസ്ഥാന സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here