സംസ്ഥാനത്ത് വീണ്ടും ലോറി അപകടത്തില്‍ മരണം; കൊച്ചിയില്‍ ചികിത്സക്കെത്തി നടക്കാന്‍ ഇറങ്ങിയയാളെ ടോറസ് ഇടിച്ചിട്ടു; ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ദേശീയ പാതയിലായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് ടോറസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനവും പോലീസ് പിടികൂടി.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു സത്താര്‍. രാവിലെ നടക്കാനിറങ്ങിയ ഇയാളെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ സത്താര്‍ മരിച്ചു. നടപ്പാതയില്‍ നിന്ന് സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകട കാരണം കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് ലോറി അപകടമുണ്ടാകുന്നത്. ഇന്നലെ കൊല്ലത്ത് തടി കയറ്റിവന്ന ലോറി തട്ടി കേബിള്‍ പൊട്ടിവീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരത്താണ് ബാക്കി മൂന്ന് അപകടങ്ങളും സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ മരിച്ചു. ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിക്കും ലോറിക്കടിയില്‍പ്പെട്ട് അധ്യാപകനും ജീവന്‍ നഷ്ടമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top