85 റൺസ് കൂടി നേടിയാൽ സിഡ്നിയിൽ ഇന്ത്യ ജയിച്ചു !! കാരണം ഇതാണ്
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് 145 റൺസിൻ്റെ ലീഡാണുള്ളത്. മൂന്ന് ദിവസം ബാക്കി നിൽക്കേ എത്ര ലീഡ് നേടിയാൽ വിജയിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ഇന്ത്യൻ ആരാധകർ. 141ന് 6 എന്ന നിലയിലാണ് ഇന്ത്യ. എട്ടു റണ്‍സോടെ രവീന്ദ്ര ജഡേജയും ആറു റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിൽ.
ഓരോ ഓവർ കഴിയുമ്പോഴും ബാറ്റിങ് അതീവ ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുന്ന സിഡ്‌നിയിലെ പിച്ചില്‍ 200 പ്ലസ് റണ്‍സിന്റെയെങ്കിലും ലീഡ് സ്വന്തമാക്കിയാലേ ഇന്ത്യക്ക് വിജയിക്കാനാവൂ. എന്നാൽ അപ്പോഴും കാര്യങ്ങൾ പൂർണമായും ശുഭകരമല്ല. മാത്രമല്ല ക്യാപ്റ്റനും ബൗളിങ്ങിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ടുമായ ജസ്പ്രീത് ബുംറയ്ക്കു പരുക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന് ബോൾ എറിയാൻ സാധിക്കുമോയന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.
അതേസമയം 288 റൺസിന് മുകളിൽ സിഡ്നിയിൽ ഒരു ടീമും ഇതുവരെ പിന്തുടർന്ന് ജയിച്ചിട്ടില്ല. ഗ്രൗണ്ടിലെ ചേസിംഗ് റെക്കോർഡ് ആവട്ടെ ഓസിസിൻ്റെ പേരിലുമാണ്. 2006 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലാണ് ആ ചരിത്രം പിറന്നത്. 287 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റിറ്റ് നഷ്ടത്തിലായിരുന്നു ഓസിസ് മറികടന്നത്. ഈ കണക്കും ഇന്ത്യക്ക് ആശങ്ക നൽകുന്നതാണ്. എന്നാൽ അതിന് മുമ്പോ ശേഷമോ ഒരു ടീമിന് മാത്രമാണ് 200 ന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിക്കാനായിട്ടുള്ളത്.
സിഡ്‌നി ഗ്രൗണ്ടിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ 220-230 റണ്‍സിന്റെയെങ്കിലും ലീഡ് നേടാനായാൽ ഇന്ത്യക്ക് വിജയിക്കാം. അതിന് കഴിയുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. കാരണം അവസാനത്തെ അംഗീകൃത ബാറ്റർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റ് പെട്ടന്ന് നഷ്ടപ്പെട്ടാൽ നിലവിലെ സാഹചര്യത്തിൽ വാലറ്റക്കാർക്ക് ലീഡ് 200 കടത്താൻ കഴിയുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതായിരിക്കും ഇന്ത്യയുടെ ജയപരാജയത്തിൽ നിർണായകമാവുക. അതായത് 230 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് നല്‍കണമെങ്കില്‍ 85 റണ്‍സ് കൂടി ഇനിയും കൂട്ടിച്ചേർക്കണം. പരുക്കേറ്റ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമോയെന്ന കാര്യവും സംശയമാണ്. ഇതും ഇന്ത്യക്ക് തിരിച്ചടിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here