മറിയക്കുട്ടി vs സർക്കാർ പോര് തുടരുന്നു; ഇന്ധന-മദ്യ സെസ് അവകാശവാദങ്ങളെയെല്ലാം പൊളിച്ചടുക്കി ഹർജി; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ പോരാട്ടം ഇനി ഹൈക്കോടതിയിൽ. ക്ഷേമ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കോടതിയിൽ സമർപ്പിച്ചു.
അഞ്ചുമാസമായി വിധവാ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെയും അടിമാലി പഞ്ചായത്തിനെയും എതിർക്ഷികളാക്കിയാണ് ഹർജി. മറിയക്കുട്ടിയുടെ പരാതിയിൽ എതിർകക്ഷികളോട് കോടതി വിശദീകരണം തേടി. കേസ് നാളെ വീണ്ടും പരിഗണിക്കും.

കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ കിട്ടുന്നില്ലെന്നും ക്രിസ്മസിന് മുമ്പ് കുടിശിക തുക ലഭിക്കുന്നതിന് വേണ്ട നിർദേശം കോടതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പ്രതീഷ് പ്രഭ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ക്ഷേമ പെൻഷനുകൾ മുടക്കം കൂടാതെ നല്‍കാന്‍ വേണ്ടിയാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതെന്നാണ് സർക്കാർ പറയുന്നത്. മദ്യത്തിന് 40 രൂപ വരെ വില വർധിപ്പിച്ചതും ക്ഷേമ പെൻഷൻ നൽകാനാണെന്നായിരുന്നു ബജറ്റ് അവതരിപ്പിച്ച ശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ നിയമസഭയിലെ അവകാശവാദം. ഇതിൻ്റെയെല്ലാം തെളിവുകൾ ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ പിരിച്ചെടുത്ത തുക വകമാറ്റി ചിലവഴിക്കാതെ കൃത്യമായി പെൻഷൻ നൽകാൻ വിനിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടതായി മറിയക്കുട്ടിയുടെ അഭിഭാഷകൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കേസിൽ മറിയക്കുട്ടിക്ക് വേണ്ടിയല്ല പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് കോടതിയിൽ ഹാജരാകുന്നത്. അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ജൂലൈ മാസത്തിലെ പെൻഷനാണ് ഇതുവരെ കിട്ടിയത്. പ്രതിമാസം ലഭിക്കുന്ന 1600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. തനിക്ക് മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചിലവുകൾ നടന്നിരുന്നത്. കേന്ദ്ര സർക്കാർ വിഹിതം നൽകാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം എന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണമെന്നാണ് മറിയക്കുട്ടി നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും ഭൂമിയും വീടുമുണ്ടെന്ന വ്യാജ വാർത്ത സിപിഎം മുഖപത്രമായ ദേശാഭിമാനി നൽകിയിരുന്നു. വാർത്തയെ സിപിഎം സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചതോടെ പാർട്ടി പത്രത്തിനെതിരെ മറിയക്കുട്ടി അടിമാലി കോടതിയിൽ പരാതി നൽകിയിരുന്നു. ദേശാഭിമാനി വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിചെങ്കിലും അത് അംഗീകരിക്കുന്നില്ലെന്നായിരുന്നു മറിയക്കുട്ടിയുടെ നിലപാട്. തുടർന്നാണ് അപകീർത്തി കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വാർത്ത നൽകിയവർ നേരിട്ടോ കോടതിയിലോ എത്തി മാപ്പ് പറയണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ദേശാഭിമാനി നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണെന്നകാര്യം ആദ്യം പുറത്ത് വിട്ടത് മാധ്യമ സിൻഡിക്കറ്റായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top