Uncategorized

പത്തനതിട്ട സിപിഎമ്മില്‍ സമാനതകളില്ലാത്ത വിഭാഗീയത; ചുമതലകളില്‍ നിന്നൊഴിവാക്കണമെന്ന് എ.പത്മകുമാറിന്റെ കത്ത്; ജില്ലാ സെക്രട്ടറിയേറ്റിലെ കയ്യാങ്കളി ഗൗരവമായി കണ്ട് പാര്‍ട്ടി

പത്തനംതിട്ട : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം പത്തനംതിട്ട ജില്ലയില്‍ വിഭാഗീയത രൂക്ഷം. ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മിലുളള കയ്യാങ്കളിയിലാണ് പ്രശ്‌നങ്ങള്‍ എത്തി നില്‍ക്കുന്നത്. സിപിഎം ഏറെ പ്രതീക്ഷയോടെയാണ് മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനം വന്ന അന്ന് മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ പലവിധമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. മുന്‍ എംഎല്‍എ എ.പത്മകുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹര്‍ഷകുമാറും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഹര്‍ഷകമാറിന്റെ മേഖലയായ അടൂര്‍ ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേഗത പോരെന്നും ബൂത്ത് ഓഫീസുകള്‍ പോലും തയാറായിട്ടില്ലെന്ന പത്മകുമാറിന്റെ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനെ എതിര്‍ത്ത ഹര്‍ഷകുമാര്‍ രൂക്ഷമായി പ്രതികരിച്ചു. പിന്നാലെ പത്മകുമാറിനെ അക്രമിക്കുകയും തറയില്‍ തള്ളിയിടുകയും ചെയ്തുവെന്നാണ് പത്മകുമാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റിലെ സംഘര്‍ഷം സംസ്ഥാന നേതൃത്വവും ഗൗരവമായാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടിയിലേക്ക് പോകാനാണ് നീക്കം. മന്ത്രി വി.എന്‍.വാസവന്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷം സംസ്ഥാന നേതൃത്വത്തെ സ്ഥിതഗതികള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്മകുമാര്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി. തോമസ് ഐസക്കുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് പത്മകുമാര്‍.

ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു സംഘര്‍ഷം ഉണ്ടായില്ലെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top