ചുംബനരംഗം എയര്‍ഫോഴ്സിന് പ്രശ്നമല്ലെങ്കില്‍ മറ്റാര്‍ക്കാണ്; ഫൈറ്റര്‍ സിനിമാ വിവാദത്തിന് വിശദീകരണവുമായി സംവിധായകന്‍
ഫൈറ്റര്‍ സിനിമയിലെ ചുംബന രംഗം വിവാദമായതോടെ വിശദീകരണവുമായി സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. തിരക്കഥ മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വരെ എയര്‍ഫോഴ്സിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് സിനിമ ചെയ്തത്. സെന്‍സര്‍ ബോര്‍ഡിന് സിനിമ സമര്‍പ്പിക്കുന്നതിന് മുന്‍പ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സിനിമ കണ്ട് വിലയിരുത്തിയശേഷം എന്‍ഒസി ( നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കിയതാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ഥിന്‍റെ പ്രതികരണം.
സിനിമയുടെ മുഴുവന്‍ ഘട്ടങ്ങളിലും എയര്‍ ഫോഴ്സിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നു. പടത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിക്കും നൂറോളം എയര്‍ മാര്‍ഷലുകള്‍ക്കുമായി സിനിമ സ്ക്രീന്‍ ചെയ്തു. കയ്യടികളോടെയാണ് അവര്‍ സിനിമയെ സ്വീകരിച്ചതെന്നും സംവിധായകന്‍ സിദ്ധാര്‍ഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും വ്യോമസേന ഓഫീസര്‍മാരായി അഭിനയിക്കുന്ന ഫൈറ്റര്‍ സിനിമയ്ക്കെതിരെ വക്കീല്‍ നോട്ടീസ് ലഭിച്ചത്. വ്യോമസേന യൂണിഫോമില്‍ നായികയും നായകനും ചുംബിക്കുന്ന രംഗമാണ് വിവാദമായത്. സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നതാണ് ഈ രംഗമെന്നാണ് പരാതി. വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് അസമിലെ വ്യോമസേന ഓഫീസറായ സൗമ്യ ദീപ് ദാസ് ആണ് പരാതി നല്‍കിയത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 200 കോടിക്കടുത്ത് കളക്ഷന്‍ ആണ് നേടിയത്. 250 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് മുടക്കിയ പണം പോലും തിരിച്ചു പിടിക്കാനായില്ല. തൊണ്ണൂറു ശതമാനം ഇന്ത്യക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്ന സംവിധായകന്‍റെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here