9-ാം വയസിൽ ആരംഭിച്ച പോരാട്ടവീര്യം; ‘വെള്ളിയില്ലെങ്കിലും വിനേഷ് ചാമ്പ്യൻമാരുടെ ചാമ്പ്യൻ’

ഒളിമ്പിക്‌സ് മെഡൽ നേടിയാലും ഇല്ലെങ്കിലും ഗുസ്തിയിലും ഇന്ത്യൻ കായികരംഗത്തും ഏറ്റവും വലിയ നേട്ടം കൈവരിച്ചവരിൽ ഒരാളായിരിക്കും വിനേഷ് ഫോഗട്ടെന്ന് അമ്മാവൻ മഹാവീർ ഫോഗട്ട്. വിനേഷിന് വെള്ളി മെഡൽ നിഷേധിച്ച അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി ഹൃദയം തകർത്തു. ഇന്ത്യൻ ഗുസ്തിക്ക് താരം നൽകിയ സംഭാവനകൾ യാതൊന്നിനും എടുത്തുകളയാനാവില്ല. വിനേഷിൻ്റെ പോരാട്ടവീര്യം എന്നും ഓർമ്മിക്കപ്പെടും. ഞങ്ങൾക്ക് എന്നും അവൾ ഒരു ചാമ്പ്യനാണ്. ഓഗസ്റ്റ് 17ന് മടങ്ങിയെത്തുമ്പോൾ ജൻമനാട്ടിൽ വിനേഷിന് സ്വീകരണം ഒരുക്കുമെന്നും മഹാവീർ ഫോഗട്ട് അറിയിച്ചു.

കഴിഞ്ഞ വർഷം ഗുസ്തി പ്രതിഷേധത്തിനിടെ വിനേഷിൻ്റെയും സഹോദരി സംഗീതയേയും പോലീസ് റോഡിൽ വലിച്ചിഴയ്ക്കുന്ന ചിത്രം കണ്ട് കണ്ട് വീട്ടിലെ സ്ത്രീകളിൽ വലിയ ദുഖം സൃഷ്ടിച്ചിരുന്നു. എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ നടപടി ഉണ്ടാകുന്നതുവരെ വിനേഷ് അവളുടെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. കാരണം ഗുസ്തി എന്നത് അവളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന കാര്യമാണ്. ഗുസ്തിക്ക് വേണ്ടി വിനേഷ് എന്തും ചെയ്യുമെന്നും മഹാവീർ ഫോഗട്ട് പറഞ്ഞു. 2003ൽ അച്ഛൻ രാംപാലിനെ നഷ്ടപ്പെടുമ്പോൾ വിനേഷിന് പ്രായം വെറും ഒമ്പത് വയസായിരുന്നു. എന്നാൽ അതിൽ തളർന്നു പോകാതെ ദിവസങ്ങൾക്കുള്ളിൽ അവൾ പരിശീലനം പുനരാരംഭിച്ചു. അതിലൂടെ ഒറ്റയ്ക്ക് ലോകത്തോട് പൊരുതാമെനുള്ള അഗ്നി അവളിൽ ഉണ്ടെന്ന് അത് തെളിയിച്ചതാണെന്ന ഓർമകളും മഹാവീർ ഫോഗട്ട് പങ്കുവച്ചു .

പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വനിതകളുടെ 50 കിലോ ഗുസ്തിയിൽ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്‌നമാണ് വിധിയോടെ അവസാനിച്ചത്. ഫൈനലിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോനയില്‍ നിശ്ചിത പരിധിയേക്കാൾ 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്.

നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് മാത്രമല്ല മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വാദത്തിനിടെ ഫെഡറേഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ല എന്ന് ഫെഡറേഷന്‍ ശക്തമായി വാദിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്ന ഫെഡറഷേന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ലൈംഗിക പീഡനകേസിൽ ആരോപണ വിധേയനായ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനും പരിശീലകർക്കും എതിരെ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൻ്റെ മുൻ നിരയിൽ വിനേഷ് ഫോഗട്ടും ഉണ്ടായിരുന്നു. ലൈംഗിക ചൂഷണം മാനസികപീഡനം, അവഹേളനം, വധഭീഷണി തുടങ്ങിയവയാണ് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ആരംഭിച്ചത്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, കോമൺവെൽത്ത് താരം സുമിത് മാലിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

ഇരുപതോളം പെൺകുട്ടികൾ വർഷങ്ങളോളം ചൂഷണത്തിനിരയായെന്ന് വിനേഷ് ഫോഗട്ട് പ്രതിഷേധ സമരത്തിനിടയിൽ വെളിപ്പെടുത്തിയിരുന്നു. സമരത്തിനിടയിൽ രാജ്യത്തിൻ്റെ അഭിമാനതാരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും റോഡിൽ വലിച്ചിഴച്ച പോലീസ് നടപടി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top