നടപടി കടുപ്പിച്ച് കേന്ദ്രം; ആശുപത്രിയിൽ അതിക്രമം നടന്നാൽ ആറ് മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ തയ്യാറാക്കണം

കൊൽക്കത്ത മെഡി. കോളജിലെ പീഡനമരണത്തിൻ്റെ പശ്ചാത്തലത്തിൽ കർശന മാർഗരേഖ നിർദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആശുപത്രി മേധാവി പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കണം. അതിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. കൊല്‍ക്കത്ത ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി മെഡിക്കല്‍ വിദ്യാര്‍ഥി ബലാല്‍സംഗത്തിന് ഇരയായ കേസിൽ ആശുപത്രിയുടെ വീഴ്ചകൾ ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ ഇടപെടൽ.

ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ വർധിച്ചുവരികയാണ്. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നതും, അവരെ അധിക്ഷേപിക്കുന്നതും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. മിക്കപ്പോഴും രോഗികളോ അവരുടെ കൂട്ടിരിപ്പുകാരോ ആണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നത്. എന്നാൽ പലപ്പോഴും പോലീസ് ഇടപെടൽ ഉണ്ടാകാറില്ല. പല ആശുപത്രികളും പോലീസിൻ്റെ സേവനം തേടാറില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (DGHS) പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്ന കേന്ദ്രനിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ ദേശവ്യാപകമായി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. നിയമത്തിന്റെ കരട് 2019ല്‍ തയ്യാറാക്കിയതാണ്. കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് നിയമം പാസാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ക്രമസമാധാന വിഷയങ്ങള്‍ ഉണ്ടായാല്‍ കേന്ദ്ര ആരോഗ്യവകുപ്പിനെ അറിയിക്കുന്നതോടൊപ്പം ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കണമെന്നും ഡിജിഎച്ച്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ നിര്‍ദ്ദേശം ദേശീയ മെഡിക്കല്‍ കമ്മീഷനും മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top