ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു; മറയുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരന്‍

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. 23 സിനിമകൾ നിർമിച്ചു മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്.

ഹരിഹരൻ, ഐ.വി.ശശി, ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ, വി.എം.വിനു, രോഷൻ ആൻഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോൻ, ജയരാജ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പി.വി. സാമി പടുത്തുയര്‍ത്തിയ കെടിസി ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ സഹോദരനായ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അമരക്കാരനായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top